പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്

കാറൽ മാർക്സിൻ
മനസ്സിൽ കത്തിയ
സായുധ വിപ്ലവ ജ്യോതികളിൽ
തകർന്നു വീണൂ
ചങ്ങല മനുഷ്യൻ
സ്വതന്ത്രരായീ നാടുകളിൽ

അടിമച്ചങ്ങല
യറുത്തു മാറ്റിയ
തവകാശത്തിൻ ചെങ്കൊടിയായ്
പറന്നു പാറി
തലമുറ മണ്ണിൽ
തുടർന്നു ജീവിത താളങ്ങൾ

വിശപ്പിൽ വീണവർ
തെരഞ്ഞു റൊട്ടികൾ
ശവപ്പറമ്പിൻ പുതു മണ്ണിൽ
മരിച്ചു വീണത്
കണ്ടവർ മതിലുകൾ
പൊളിച്ചെടുക്കീ സംസ്ക്കാരം.

ഒരിക്കൽ യേശു
പറഞ്ഞു വച്ചത്
നടപ്പിലായീ നാടുകളിൽ.
കുതിച്ചു പായും
ശാസ്ത്രക്കുതിര-
ക്കുളമ്പുണർത്തീ സംഗീതം !

ഉദിച്ചുയർന്നൊരു
പുലരികൾ നമ്മളി-
ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ,
കുതിച്ചു പാഞ്ഞു
വരുത്തും മാനവ
സമത്വ ജീവിത മോർത്തൂ നാം.

നടപ്പിലായി –
ല്ലൊന്നും കാലം
തിരിച്ചു പോയത് കണ്ടൂ നാം.
ഉയിർത്തെണീറ്റ
ഫിനിക്‌സുകൾ വീണു
കെടാത്ത ജീവിത വഹ്നികളിൽ !

ഒരിക്കൽ കാലുകൾ
തളഞ്ഞ ചങ്ങല
ചുഴറ്റി നിൽപ്പൂ തൊഴിലാളി.
ഒരിക്കൽ സാന്ത്വന –
മുതിർന്ന കുരിശുകൾ
മറിച്ചു വിറ്റൂ മതഭ്രാന്തർ

അറുത്തു വീഴ്ത്തിയ
ചോരപ്പുഴകളി –
ലടുത്ത മനുഷ്യന് സംഗീതം,
ഒരുക്കി വച്ചത്
കണ്ടൂ, കണ്ണീർ
തുടച്ചു മാർക്‌സും, കർത്താവും !

നടപ്പിലായിലൊന്നും
പക്ഷെ, നശിക്കു –
കില്ലീ സ്വപ്‌നങ്ങൾ
വരും, വരാതെ
വരില്ലാ ‘ ഗോദോ ‘ *
പുണർന്നു നിൽക്കാം സ്വപ്‌നങ്ങൾ !
++++

ഒരുവന്റെ ജീവിതം അപരന് സംഗീതമാവുമെന്ന് മാർക്സിസം.
‘ waiting for godot ‘ by Samuel Beckett, the great french dramatist.

Print Friendly, PDF & Email

Leave a Comment

More News