കള്ളനോട്ട് കേസിൽ ആലപ്പുഴയിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെന്റ് ചെയ്തു

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ എടത്വയിലെ കൃഷി ഓഫീസർ എം ജിഷാമോളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജിഷ അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. അന്വേഷണത്തിനൊടുവിലാണ് ജിഷാമോളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്.

വ്യാജ നോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. പിടികൂടിയപ്പോൾ കൃഷി ഓഫീസറായ ജിഷാമോൾ നൽകിയതാണ് നോട്ടുകളെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇവ കള്ളനോട്ടുകളാണെന്ന് അറിഞ്ഞിരുന്നില്ല. ആലപ്പുഴ കളരിക്കലിൽ വാടക വീട്ടിലാണ് ജിഷാമോൾ താമസിക്കുന്നത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതായും മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു.

ജിഷ കള്ളപ്പണ ശൃംഖലയുടെ ഭാഗമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് കായംകുളം ബാങ്കിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ അഖിൽ ജോർജ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒൻപതാം പ്രതിയായ സനീറിനൊപ്പം ബെംഗളൂരുവില്‍ നിന്ന് 30 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്തവരില്‍ ഒരാളാണ് അഖില്‍ ജോര്‍ജ്. എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ഈ കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.

Print Friendly, PDF & Email

Leave a Comment

More News