സ്വർണക്കടത്ത് കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സ്വപ്ന

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്.

വിജയ് പിള്ള എന്ന ഇടനിലക്കാരൻ മുഖേന സ്വർണക്കടത്ത് കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് പറഞ്ഞു. എം.വി.ഗോവിന്ദന്റെ അറിവോടെ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും കേസിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന എല്ലാ തെളിവുകളും കൈമാറാൻ ആവശ്യപ്പെട്ടതായും പറാഞ്ഞു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പേര് പറഞ്ഞ് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും സ്വപ്‌ന സുരേഷ് മാധ്യമങ്ങൾക്ക് കൈമാറി. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര വകുപ്പിന് പരാതി നൽകി.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയുടെ സഹായത്തോടെ യു എ ഇ യില്‍ കള്ളക്കേസ് ഉണ്ടാക്കി ജീവിതം നശിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിജയ് പിള്ള പറഞ്ഞതായി സ്വപ്ന ലൈവിൽ പറഞ്ഞു. ”ഇതെല്ലാം പറഞ്ഞതിന് ശേഷം തീരുമാനമെടുക്കാന്‍ രണ്ട് ദിവസത്തെ സമയം തന്നു. തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിന് ഇദ്ദേഹവുമായുള്ള ചിത്രങ്ങളടക്കം എല്ലാകാര്യങ്ങളും ഇ മെയില്‍ വഴി താന്‍ കൈമാറി. തന്റെ സുരക്ഷാര്‍ഥം ഈ വിവരങ്ങള്‍ അദ്ദേഹം കര്‍ണാടക ഹോം മിനിസ്റ്റര്‍ക്കും കര്‍ണാടക ഡിജിപിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും കൈമാറി.” സ്വപ്‌ന പറഞ്ഞു.

മൂന്ന് ദിവസം മുൻപ് വിജയ് പിള്ള എന്ന വ്യക്തി എന്നെ ഫോൺ ചെയ്തു. ഒരു ഇന്റർവ്യൂ എടുക്കാനാണ് എന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. അദ്ദേഹം പറഞ്ഞ ഹോട്ടലിൽ മക്കളുമൊത്ത് ഞാനെത്തി. പക്ഷേ അതൊരു സെറ്റിൽമെന്റ് ടോക്ക് ആയിരുന്നു. ഒരാഴ്ചത്തെ സമയം സ്വപ്‌നയ്ക്ക് തരാം. ഹരിയാനയിലോ ജയ്പൂരിലോ പോകൂ. അവിടെ ഫ്‌ളാറ്റ് എടുത്ത് തരാമെന്നും ഇയാൾ പറഞ്ഞതായി സ്വപ്‍ന ലൈവിലൂടെ പറഞ്ഞു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

അവസാനം വരെ ഞാൻ കേസുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രിയെ മനഃപൂർവം അകപ്പെടുത്താനുള്ള രാഷ്ട്രീയ അജണ്ട എനിക്കില്ല. ജനങ്ങളെ പറ്റിക്കാൻ ഉദ്ദേശവുമില്ല. . ജീവനുണ്ടെങ്കിൽ ഉറപ്പായും മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ സൂക്ഷിച്ചിട്ടുണ്ട്, കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ട്. നിങ്ങളുടെ തനിനിറം വെളിയിൽ കൊണ്ടുവന്നിരിക്കും ഞാൻ. ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല’- സ്വപ്‌നാ സുരേഷ് പറഞ്ഞു. വിജയ് പിള്ളയുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറും. ഇ.ഡി.യുടെ അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് താന്‍ വിശ്വസിക്കുന്നതായും സ്വപ്‌ന പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News