ഭാര്യയും ബന്ധുക്കളും സ്വത്തുക്കള്‍ കൈക്കലാക്കി; പ്രവാസി ആത്മഹത്യ ചെയ്തു

കായംകുളം: ഭാര്യയും ബന്ധുക്കളും കബളിപ്പിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് അദ്ദേഹം തപാൽ വഴി മാധ്യമങ്ങൾക്ക് കുറിപ്പ് അയയ്ക്കുകയായിരുന്നു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു രാജ് ആരോപിക്കുന്നത്. ഭാര്യ അന്നപ്രിയ ജോൺ, അവരുടെ കാമുകൻ ടോജോ മാത്യു,അന്ന പ്രിയയുടെ സഹോദരൻ ഗീവർഗീസ്, അമ്മ എൽസി ജോൺസൺ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് ബൈജു ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു.

അന്നപ്രിയയും ടോജോയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മകളെ ഓർത്ത് എല്ലാം സഹിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ബൈജു പറയുന്നു.

തന്നെ വൈകാരികമായി കീഴ്‌പ്പെടുത്തി സമ്പാദ്യം മുഴുവനും ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥിര നിക്ഷേപമാക്കിയെന്നും കമ്പനി തകർന്നപ്പോൾ പണമെല്ലാം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു. ബ്ലേഡ് വായ്പക്കാരനായ ഭാര്യാ സഹോദരൻ തന്റെ പണം മുഴുവൻ ബിസിനസ് ആവശ്യങ്ങൾക്ക് തട്ടിയെടുത്തെന്നും കടമായി നൽകിയ പണം പോലും തിരികെ നൽകിയില്ലെന്നും ബൈജു ആരോപിച്ചു.

ഫെബ്രുവരിയിൽ ഭാര്യയും ബന്ധുക്കളും തനിക്കെതിരെ വ്യാജ ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്‌തെന്നും ഇതുമൂലം മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു.

ഞാനും ഒരു മനുഷ്യനാണ്, എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ സഹിച്ചു. എന്റെ വേദന എല്ലാവരിൽ നിന്നും മറയ്ക്കാൻ ഞാൻ മിടുക്കനായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് കഴിയുന്നില്ല. കാരണം, ഞാൻ തകർന്നിരിക്കുന്നു. അത് എന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല, അതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുന്നു, ആത്മഹത്യാ കുറിപ്പിലെ അവസാന വരികൾ.

Print Friendly, PDF & Email

Leave a Comment

More News