നവംബറിൽ നടക്കുന്ന ഹിന്ദു മഹാസംഗമം വിജയിപ്പിക്കാനുള്ള അഹ്വാനവുമായി കെ.എച്.എൻ.എ. പൊതുസഭ

സനാതന ധർമ്മ പ്രചാരണ സംഘടനകളുടെ വടക്കെ അമേരിക്കയിലെ ദേശീയ കൂട്ടായ്മയായ കെ.എച്.എൻ.എ.2023 നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റൺ സത്യാനന്ദ സരസ്വതി നഗറിൽ സംഘടിപ്പിക്കുന്ന വിശ്വ ഹൈന്ദവ സംഗമം വിജയിപ്പിക്കാനുള്ള വിവിധ കർമ്മപദ്ധതികളുമായി അംഗസംഘടനകളുടെയും പ്രതിനിധികളുടെയും ഇടക്കാല പൊതുയോഗം പ്രസിഡന്റ് ജി.കെ. പിള്ളയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ശനിയാഴ്ച്ച ഹൂസ്റ്റണിൽ നടന്നു.

സെക്രട്ടറി സുരേഷ് നായർ സ്വാഗത പ്രസംഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പിലാക്കിയ നിരവധി ക്ഷേമ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആർഷ ദർശന പുരസ്‌കാര സമർപ്പണമുൾപ്പെടെ കേരളത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങളെയും ട്രസ്‌റ്റി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കോളർഷിപ് വിതരണത്തെയും യോഗം ശ്ലാഘിച്ചു.

തുടർന്ന് 2022-23 കാലയളവിലേക്ക് നേരത്തെ അംഗീകരിച്ച ഒരു മില്യൺ ഡോളർ വരവും അത്രയും തുകയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകളും ട്രഷറർ ബാഹുലേയൻ രാഘവൻ അവതരിപ്പിച്ചു.

മഹാമാരിയുടെ ഭീതികൾക്കിടയിലും 2021 ഡിസംബറിൽ അരിസോണയിൽ നടന്ന പതിനൊന്നാമത് ദൈവാർഷിക കൺവൻഷന്റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് റിപ്പോർട്ട് സഹിതം അന്നത്തെ ട്രഷറർ ഗോപാലൻ നായർ അംഗങ്ങളുടെ അംഗീകാരത്തിനായി വായിച്ചു.

നിരവധി പ്രതിസന്ധികളെ അതിജീവിച്ചു കൺവൻഷൻ വൻവിജയമാക്കിയ പ്രസിഡന്റ് സതീഷ് അമ്പാടിക്കും സഹപ്രവർത്തകർക്കും യോഗം നന്ദി രേഖപ്പെടുത്തുകയും അനുമോദനം രേഖപ്പെടുത്തുകയും ചെയ്തു.വരവുചെലവ് കണക്കുകളെയും കാര്യപരിപാടികളെയും സംബന്ധിച്ച വിശദമായ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷം കണക്കുകൾ ഏകകണ്ഠമായി യോഗം അംഗീകരിച്ചു.

കൺവൻഷനിൽ പങ്കെടുക്കുന്ന ആർഷദർശനത്തിന്റെ വ്യത്യസ്ത ചിന്താധാരയിലുള്ള മഹാമനീഷിമാർക്കും കലാകാരന്മാർക്കും സാംസ്കാരിക പ്രതിഭകൾക്കും അമേരിക്കയിലെ ആയിരത്തിൽപരം കുടുംബങ്ങൾക്കും ഊഷ്മളമായ ആഥിത്യം അരുളുന്നതിനായി നടത്തിവരുന്ന വിപുലമായ പ്രവർത്തനങ്ങളെയും പതിനഞ്ചിൽ പരം ഉപസമിതികളുടെ തയ്യാറെടുപ്പുകളെയും കുറിച്ച് കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള സവിസ്തരം വിശദീകരിച്ചു.

മത്സരാധിഷ്ഠിത തൊഴിൽ രംഗത്ത് വിജയം ഉറപ്പിക്കാൻ ഉതകുന്ന പരിശീലങ്ങളും സമാന മേഖലയിൽ പ്രവർത്തിക്കുന്നവരെ പരസ്പരം കൂട്ടിയിണക്കുന്ന ശൃംഖലകളുടെ രൂപീകരണവും അടുത്ത കൺവെൻഷന്റെ ഒരു മുഖ്യ അജണ്ട ആയിരിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ജി.കെ.പിള്ള നേരത്തെ സൂചിപ്പിച്ചിരുന്നു. വിശ്വമാനവികതക്കും സർവമത സാഹോദര്യത്തിനും സംഘടന മുൻ‌തൂക്കം നൽകുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

ഹൂസ്റ്റണിൽ നടക്കാൻ പോകുന്ന ഗ്ലോബൽ ഹിന്ദു സംഗമം വിജയിപ്പിക്കാനും സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുവാനും വേണ്ടി നടന്ന ചർച്ചയിൽ ട്രസ്‌റ്റി ചെയർമാൻ രാമദാസ് പിള്ള, വൈസ് ചെയർമാൻ സോമരാജൻ നായർ, മുൻ പ്രസിഡന്റുമാരായ ടി. എൻ. നായർ, സതീഷ് അമ്പാടി ജോയിന്റ് ട്രഷറർ വിനോദ് വാസുദേവൻ, ഡോ: രഞ്ജിനി പിള്ള, സുധ കർത്താ, ഗോപിനാഥ കുറുപ്പ്, Kപ്രൊ: ജയകൃഷ്ണൻ, ഡോ: ബിജു പിള്ള, ബാബു അമ്പാട്ട്,അനിൽ ആറമ്മുള തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News