രാജ്യത്തെ പ്രതിപക്ഷ ഐക്യവും, സംഘ് വിരുദ്ധ രാഷ്ട്രീയ കേരളവും

കോൺഗ്രസ്സിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ബൈ പ്രൊഡക്ട് ആണ് അനിൽ ആന്റണിയെപോലുള്ളവർ. പക്ഷെ കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് എ. കെ ആന്റണി ഈ വിഷയത്തിൽ മാത്രമല്ല, ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല . ഇവരാണ് കോൺഗ്രസ്സിന്റെ മുൻ നിര നേതാക്കൾ!!

രാജ്യത്ത് പൊതു തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘപരിവാറിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധവും കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങളും നടത്തേണ്ട കാലത്ത് പ്രതിപക്ഷ സംവിധാനങ്ങൾ ഒന്നിക്കുന്നില്ല എന്നത് ഏറെ നിരാശജനകമാണ്. എങ്കിലും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ രാഹുൽ ഗാന്ധിക്ക് വലിയ പിന്തുണ നൽകിയത് പ്രതിപക്ഷ മുന്നേറ്റത്തിന് കരുത്ത് പകരും. അതെല്ലാം ഒരു മൂവ്മെന്റ് ആയി മാറേണ്ടതുണ്ട്.

ജനം ആഗ്രഹിക്കുന്നതും അതാണ്. രാജ്യത്തെ ശക്തമായ പ്രാദേശിക കക്ഷികളും കോൺഗ്രസ്സും ഇടതുപക്ഷ പാർട്ടികളും മറ്റ് നവരാഷ്ട്രീയ സംവിധാനങ്ങളും എല്ലാവരും കൂടിച്ചേർന്നുള്ള ഒരു മൂവ്മെന്റ് അനിവാര്യമാണ്.

ബിജെപിക്കെതിരെ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും കേരളത്തിൽ മാത്രം സമരം ചെയ്തത് കൊണ്ടോ പോലീസിന്റെ ലാത്തിയടി കൊണ്ടത് കൊണ്ടോ അതിന്റെ പിറകെ പോയി സംസ്ഥാന സർക്കാർ ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ അടിച്ചമർത്തുന്നു എന്നൊക്കെ വരുത്തിത്തീർക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണ്. സമരങ്ങൾ, പ്രതിഷേധങ്ങൾ കേരളത്തിൽ പരിമിതിപെടുത്താതെ രാജ്യത്തെക്ക് വ്യാപിപ്പിക്കാനാണ് നോക്കേണ്ടത്. അതിന് കോൺഗ്രസ്ന് കഴിയില്ലെങ്കിൽ പിന്നെ ആർക്ക് കഴിയും. കർഷക പ്രക്ഷോഭം പോലെ ഒരു മാസ് മൂവ്മെന്റ് ഇടതുപക്ഷ, മറ്റ് പ്രാദേശിക കക്ഷികളുടെ സഹകരണത്തോടെ രൂപപ്പെടണം. ഇങ്ങിനെ സഹകരണം രൂപപ്പെടേണ്ട സാഹചര്യത്തിലാണ് സംഘപരിവാർ ശാഖക്ക് കാവൽ നിന്നെന്ന് അഭിമാന പൂർവ്വം പറയുന്ന പ്രസിഡന്റ് സുധാകരനും കോൺഗ്രസ്നും സമരത്തെ നേരിടുന്ന പോലീസിന്റെ നിയമപാലക വിഷയത്തിൽ സഖാവ് പിണറായിയെ ബിജെപിവത്കരിക്കുന്നത്. ഇത് ഏറെ പരിഹാസ്യമാണ് അത്തരം പ്രചാരണങ്ങൾകൊണ്ട് ബിജെപിക്കെതിരെയുള്ള മൂവ്മെന്റനെ ദുർബലപ്പെടുത്താനെ കഴിയൂ.

കേരളത്തിൽ ഇടതോ-വലതോ, ഏത് ഭരണത്തിലും പ്രതിപക്ഷ സമരങ്ങൾക്ക് നേരെ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്, സമരങ്ങളെ അടിച്ചമർത്തിയിട്ടുണ്ട്. എന്നാൽ പോലീസ് സേനയിലെ പല ഉന്നതർക്കുമുള്ള സംഘപരിവാർ ബന്ധവും സ്വാധീനവും റിട്ടയർ ശേഷം പലരും ബിജെപി ആലയത്തിൽ സജീവമാവുന്നതും ഒക്കെ ജനങ്ങൾ സാക്ഷികളാണ് . ഒരു പക്ഷെ ക്രമസമാധാന നില തകർക്കാനുള്ള ചിലരുടെ ആസൂത്രിത ഇടപെടൽ അത്തരം ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും, സർക്കാരുകൾക്കും നേതൃത്വം നൽകുന്ന മുന്നണിക്കും പാർട്ടിക്കും പഴികേൾക്കേണ്ടി വരും. ഭരിക്കുന്നവർ എല്ലാം കണ്ടില്ലെന്ന് നടിക്കാതെ പിഴവുകൾ തിരുത്തി മുന്നോട്ട് പോവുക എന്നതാണ് മാതൃകാപരമായ പരിഹാരം.

സംസ്ഥാന ഭരണത്തെയും സംസ്ഥാനത്തെ രാഷ്ട്രീയ പ്രബുദ്ധതയെയും സാമൂഹിക സൗഹാർദ്ദത്തെയും സഹവർത്തിത്വത്തെയും എല്ലാ അർത്ഥത്തിലും അപകടപ്പെടുത്തി കേരളത്തെ കീഴ്പ്പെടുത്താൻ മുന്നിട്ടിറങ്ങിയ സംഘപരിവാർന് വഴിയൊരുക്കുന്ന സമീപനം ആര് സ്വീകരിച്ചാലും കേരളീയ സമൂഹം ശക്തമായി അതിനെതിരെ രംഗത്ത് വരും. കേരളം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അത് തെളിയിച്ചതാണ്. കേരളത്തിന്റെ രാഷ്ട്രീയ,സാംസ്ക്കാരിക ബോധവും ഇച്ഛാശക്തിയും സംഘപരിവാർന് കീഴൊതുങ്ങുന്നതല്ല. പക്ഷെ കീഴൊതുക്കാനുള്ള പഴയ ബ്രിട്ടീഷ് തന്ത്രം അവർ പയറ്റുന്നുണ്ട് നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ച്, ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സമുദായ സൗഹൃദം തകർക്കുന്നതിന്റെയും ലക്ഷണങ്ങൾ രൂപപ്പെടുന്നത് നാം ഭയപ്പെടണം.

ലക്ഷക്കണക്കിന് കർഷകർ തെരുവിലിറങ്ങി പോരാട്ടങ്ങൾ നടത്തി നാടിന് വേണ്ടി അന്നം മുട്ടാതിരിക്കാൻ കേന്ദ്രസർക്കാർന്റെ ജനവിരുദ്ധ കോർപറേറ്റ് നയങ്ങൾക്കും നിയമങ്ങൾക്കും എതിരെ ജീവൻ ബലികഴിച്ച വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിൽ ആണ് ഇങ്ങ് സംഘ് വിരുദ്ധ കേരളത്തിൽ ഒരു ക്രൈസ്തവ പുരോഹിതൻ റബറിന് വില മുന്നൂറ് ആക്കിയാൽ ബിജെപിയെ പാർലമെന്റ് സീറ്റിൽ വിജയിപ്പിക്കാമെന്ന വാഗ്ദാനം നൽകി കർഷകരുടെ സമരചരിത്രത്തെയും കേരളത്തിന്റെ സംഘ് വിരുദ്ധ പാരമ്പര്യത്തെയും ഒറ്റികൊടുക്കുന്നത്. അതിനെതിരെ പോലും കോണ്ഗ്രസ് മൃദു സമീപനം ആണ് സ്വീകരിച്ചത്. കർഷകരുടെ വികാരം ആണത്രേ ആ പ്രതികരണം! ബിജെപിക്ക് വിജയം നൽകൽ ആണോ കർഷകരുടെ വികാരം!? അതുകൊണ്ട് തിരിച്ചറിയണം സമൂഹം സംഘ് വിരുദ്ധ രാഷ്ട്രീയത്തെ.

ഒരു വലിയ മുന്നേറ്റം രൂപീകരിക്കാൻ, പ്രാദേശിക മുന്നണി രാഷ്ട്രീയ സാഹചര്യങ്ങൾ, അതിലെ ഭരണ പ്രതിപക്ഷ വിയോജിപ്പുകൾ എല്ലാം നിലനിർത്തി തന്നെ മുഖ്യ ഭീഷണിയായ രാജ്യത്തെ തകർക്കുന്ന സംഘപരിവാർ ഭരണത്തിനെതിരെ എല്ലാ മത നിരപേക്ഷ പാർട്ടികളും കക്ഷികളും കൂട്ടായ്മകളും ഒന്നിച്ചാൽ മാത്രമേ ഇനി രാജ്യം രക്ഷപ്പെടൂ.

 

Print Friendly, PDF & Email

Leave a Comment

More News