ചുവപ്പുനാടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന നല്ല നിയമം

ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന പല നിയമങ്ങളും പാസാക്കുന്നുണ്ടെങ്കിലും അത്‌ നടപ്പാക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്നത്‌ ശരിയല്ല. പിഴ ചുമത്തുന്നതിനുള്ള നിയമങ്ങള്‍ അതിവേഗം നടപ്പിലാക്കുന്നു. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ക്രമീകരണങ്ങളും സേവനങ്ങളും ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അത്ര ശുഷ്ടാന്തി കാണിക്കുന്നില്ല. കാരണം, ഇത്‌ പലപ്പോഴും സര്‍ക്കാരിന്‌ കൂടുതല്‍ ചിലവ്‌ വരുത്തുന്നു. അതിനാല്‍ ധനവകുപ്പ്‌ അതിനെ എതിര്‍ക്കുന്നു. അതോടെ പാസാക്കിയ നിയമങ്ങള്‍ പോലും ഫയലുകളില്‍ അവശേഷിക്കുന്നു.

നിയമസഭ പാസാക്കിയ സംയോജിത ഗതാഗത നിയമം ഏകോപിപ്പിച്ച്‌ യാത്രകള്‍ക്കായി വിവിധ ഗതാഗത സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ഇതുവരെ നടപടിയുണ്ടായിട്ടില്ല. സൈക്കിള്‍, ബൈക്ക്‌, ഓട്ടോ, കാര്‍, ബസ്, ട്രെയിന്‍, കപ്പല്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്ന സംവിധാനം ഒരുക്കാനാണ്‌ ഈ നിയമത്തിലെ പ്രധാന നിര്‍ദേശം. പാരീസ്‌, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലെ മാതൃകയാണിത്‌. ഇത്‌ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കുടുതല്‍ കൂടുതല്‍ ആളുകള്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച്‌ പൊതുഗതാഗതത്തെ ആശ്രയിക്കും. എന്നിരുന്നാലും, ഈ അത്ഭുതകരമായ പദ്ധതി ഇപ്പോഴും ഫയലില്‍ വിശ്രമിക്കുകയാണ്. ഈ നിയമം എപ്പോള്‍ ഉണരുമെന്ന്‌ ആര്‍ക്കും അറിയില്ല. നിയമം പാസാക്കിയിട്ട്‌ രണ്ടര വര്‍ഷം കഴിഞ്ഞു. നിയമം പാസാക്കിയ ശേഷം, റോഡ്‌, റെയില്‍, ബോട്ട്‌ ഗതാഗതം എന്നിവ ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്‌ ഒരു കരട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അത്‌ പ്രാവര്‍ത്തികമാക്കിയില്ല. ഇത്‌ നടപ്പാക്കാന്‍ സ്വകാര്യമേഖലയെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും ലാന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട അതോറിറ്റി രൂപീകരിക്കണം. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌ ദീര്‍ഘദൂര ബസുകള്‍ ക്രമീകരിക്കുകയും ഹ്രസ്വദൂര ബസുകള്‍ അവയുടെ വരവും പോക്കും അനുസരിച്ച്‌ ഏകോപിപ്പിക്കുകയും വേണം. ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക്‌ ദൂരസ്ഥലങ്ങളിലേക്ക്‌ പോകാന്‍ ചെറുവാഹനങ്ങളുടെ സൗകര്യം ഒരുക്കണം. പദ്ധതി നടപ്പാക്കാന്‍ ഗതാഗത മന്ത്രി ചെയര്‍മാനായി ഗതാഗത അതോറിറ്റി രൂപീകരിച്ചെങ്കിലും പദ്ധതി അതില്‍ നിന്ന്‌ ഒരിഞ്ചുപോലും വ്യതിചലിച്ചിട്ടില്ല.

2020 നവംബറിലാണ്‌ ബില്‍ പാസാക്കിയത്‌. ആദ്യം കൊച്ചിയിലും പിന്നീട്‌ തിരുവനന്തപുരം, കോഴിക്കോട്‌ നഗരങ്ങളിലും ഇത്‌ നടപ്പാക്കാനായിരുന്നു ലക്ഷ്യം. ഒരു റീചാര്‍ജബിള്‍ കാര്‍ഡ്‌ വഴി എല്ലാ യാത്രാ സകര്യങ്ങളും ലഭ്യമാകുന്ന തരത്തിലാണ്‌ പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ യാത്രയ്ക്കായി സ്വകാര്യ ബസുകളെ ആശ്രയിച്ച 65 ലക്ഷം യാത്രക്കാര്‍ പൊതുഗതാഗതം ഉപേക്ഷിച്ച്‌ സ്വകാര്യ വാഹനങ്ങളിലേക്ക്‌ മാറിയതായാണ് ഗതാഗത വകുപ്പിന്റെ കണക്ക്‌. പൊതുഗതാഗത വകുപ്പിന്റെ കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായുയുമാണ്‌ ജനങ്ങള്‍ പൊതുഗതാഗതം ഉപേക്ഷിക്കാന്‍ ഇടയാക്കിയ ഏറ്റവും വലിയ ഘടകം. ഇന്റഗ്രേറ്റഡ്‌ ട്രാന്‍സ്പോര്‍ട്ട് പ്ലാന്‍ പ്രൊഫഷണലായി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍, പൊതുഗതാഗതം ഉപേക്ഷിച്ച നിരവധി യാത്രക്കാരെ തിരിച്ചു പിടിക്കാന്‍ കഴിയും.

മതിയായ പാര്‍ക്കിംഗ് സരകര്യമില്ലാത്തതിനാല്‍ പലരും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാറുണ്ട്‌. പൊതുഗതാഗതം എപ്പോഴും തിരക്കുള്ള സ്ഥലത്തേക്കും തിരിച്ചും പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്‌. എന്നിരുന്നാലും, ഈ മാറ്റങ്ങള്‍ ആധുനികവും വിദേശ രാജ്യങ്ങളിലെ പോലെ കാലത്തിനനുസരിച്ച്‌ മാറുന്നതുമായിരിക്കണം. മറ്റ്‌ രാജ്യങ്ങളില്‍ നിന്ന്‌ നിയമം കടമെടുത്താല്‍ മാത്രം പോരാ. അതിനനുസരിച്ച്‌ സകര്യങ്ങളും നടപ്പാക്കണം. ഗതാഗത നിയമ ലംഘകരെ പിടികൂടാന്‍ കാണിക്കുന്ന ശുഷ്ടാന്തി കുറച്ചെങ്കിലും ഗതാഗത സംവിധാനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിലും കാണിച്ചാല്‍ നന്നായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News