മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ജൂലൈ 4 ന് അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഹൂസ്റ്റൺ: ജൂലൈ 4, 2023 : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) എല്ലാവർഷവും നടത്തിവരാറുള്ളത് പോലെ ഈ വർഷവും ജൂലൈ 4 ന് അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നിരവധി കമ്മ്യൂണിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കുചേർന്നു. MAGH ന്റെ ആസ്ഥാനമായ കേരളാ ഹൗസിൽ നടന്ന പരിപാടി മലയാളി സമൂഹത്തിന്റെ ഐക്യവും അഭിമാനവും സാംസ്‌കാരിക സമൃദ്ധിയും പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു.

MAGH ട്രസ്റ്റി ബോർഡ് അംഗം ശ്രീ.ജിമ്മി കുന്നശേരിൽ നടത്തിയ ആകർഷകമായ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണയ്ക്കായി, സ്റ്റാഫോർഡ് സിറ്റിയുടെ മേയർ കെൻ മാത്യു അമേരിക്കൻ അമേരിക്കൻ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ അമേരിക്കൻ പതാക ഉയർത്തുകയും , MAGH-ന്റെ പ്രസിഡന്റ് ശ്രീ. ജോജി ജോസഫ് ഇന്ത്യൻ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ഇന്ത്യൻ ദേശീയ പതാക ഉയർത്തുകയും ചെയ്തു.

സ്വാതന്ത്ര്യം എന്നത് മനുഷ്യന്റെ നിലനിൽപ്പിന്റെ ഒരു അടിസ്ഥാന വശമാണ്, അനാവശ്യമായ നിയന്ത്രണമോ അടിച്ചമർത്തലോ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ നടത്തുവാനും അവ സ്വയം പ്രകടിപ്പിക്കാനും സാധിക്കണം. ഇത് മനുഷ്യന്റെ അന്തസ്സിന്റെ സത്തയാണ്, പൂർണ്ണവും അർത്ഥപൂർണ്ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതമാണ്. ജോജി ജോസഫ് തൻറെ പ്രസിഡൻഷ്യൽ അഡ്രസ്സിൽ പറഞ്ഞു.

ജൂലായ് നാലിന്റെ പ്രാധാന്യവും സമൂഹത്തിൽ നീതി നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടിക്കൊണ്ട് ജഡ്ജി സുരേന്ദ്രൻ കെ പട്ടേൽ ചിന്തോദ്ദീപകമായ സന്ദേശം നൽകി. സ്റ്റാഫോർഡ് സിറ്റിയെ പ്രതിനിധീകരിച്ച മേയർ കെൻ മാത്യു, മലയാളി സമൂഹവും സിറ്റി ഗവൺമെന്റും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കിയതിൽ നന്ദി പറയുകയും ചെയ്തു.

ജഡ്ജ് ജാനറ്റ് എം. ഹെപ്പാർഡ്, 387-ാമത് ജില്ലാ കോർട്ടിന്റെ പ്രിസൈഡിംഗ് ജഡ്ജ്, ജഡ്ജ് തമൈക കാർട്ടർ, 400-ാമത് ജില്ലാ കോർട്ടിന്റെ പ്രിസൈഡിംഗ് ജഡ്ജ്, ജഡ്ജ് മോണിക്ക റോളിൻസ്, 328-മത് ജില്ലാ കോർട്ടിന്റെ പ്രിസൈഡിംഗ് ജഡ്ജ്, ജഡ്ജ് ടീന വി. വാട്സൺ, എന്നിവർ ആശംസകൾ അറിയിച്ചു.

ചടങ്ങ് ഗംഭീരമാക്കുന്നതിനും സംഘടിപ്പിക്കുന്നതിനും സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്രീ ജോർജ് വർഗീസ് നടത്തിയ ഹൃദയംഗമമായ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.

ചടങ്ങിനെത്തുടർന്ന്, വന്നുചേർന്നവർക്ക് രുചികരമായ പ്രഭാതഭക്ഷണം നൽകി, ഇത് കൂടുതൽ സൗഹൃദത്തിനും സമൂഹനിർമ്മാണത്തിനും അവസരമൊരുക്കി.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫ്ലാഗ് ഹോസ്‌റ്റിംഗ് സെറിമണി, ഭാരതത്തിന്റെയും അമേരിക്കയുടെയും സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും, അവ ഉൾക്കൊള്ളുവാനുള്ള കഴിവ് വളർത്തുന്നതിനും, ഐക്യത്തിന്റെ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സമൂഹത്തിന്റെ സമർപ്പണത്തെ പ്രകടമാക്കി. ഇത്തരം ചടങ്ങുകളിലൂടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ആദരിക്കുക മാത്രമല്ല, കമ്മ്യൂണിറ്റി ലീഡേഴ്സ് , പ്രാദേശിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവർക്ക് ഒത്തുചേരാനും മൂല്യങ്ങൾ പങ്കിടുവാനും ആഘോഷിക്കുവാനും ഒരു വേദി ഒരുക്കുകയും ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News