പബ്ജി കളിച്ച് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ഭാര്യയെയും കുട്ടികളെയും നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പാക്കിസ്താന്‍ യുവതിയുടെ ഭര്‍ത്താവ്

ന്യൂഡല്‍ഹി: പാക്കിസ്താന്‍ യുവതി സീമ ഹൈദറിന്റെ ഭർത്താവ് ഗുലാം ഹൈദര്‍, പബ്ജി കളിച്ച് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ഭാര്യയെയും കുട്ടികളെയും അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച യുവതിക്കെതിരെ കേസെടുത്തെങ്കിലും പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യൻ കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ജാമ്യം ലഭിച്ചു.

അതിനിടെ, സീമയുടെ ഭർത്താവ് തന്റെ ഭാര്യയും കുട്ടികളും എവിടെയാണെന്ന് അറിയില്ലെന്നും ആശങ്കയുണ്ടെന്നും ശ്രദ്ധയിൽപ്പെടുത്തി. അവൾ ഇന്ത്യയിലാണെന്ന് മാധ്യമ റിപ്പോർട്ടുകളിലൂടെ അറിഞ്ഞ ഗുലാം ഹൈദര്‍ ഇന്ത്യന്‍ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചു. നിലവിൽ സൗദി അറേബ്യയിലുള്ള അദ്ദേഹം വീഡിയോയിലൂടെയാണ് അപ്പീൽ പുറത്തുവിട്ടത്.

“എന്റെ ഭാര്യ സീമയെയും മക്കളായ ഫർഹാൻ, ഫർവ, ഫർഹ, ഫർഹീൻ എന്നിവരെയും പാകിസ്ഥാനിലേക്ക് തിരിച്ചയക്കണമെന്ന് ഞാൻ മോദി സർക്കാരിനോട് താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ഞാൻ വളരെ ആശങ്കാകുലനാണ്… ദയവായി എന്നെ സഹായിക്കൂ,”കൂപ്പുകൈകളോടെ അദ്ദേഹം വീഡിയോയില്‍ പറഞ്ഞു,

2019-ൽ PUBG എന്ന ഓൺലൈൻ ഗെയിമിലൂടെയാണ് സീമ ഹൈദറും പങ്കാളി നോയിഡയിലുള്ള സച്ചിൻ മീണയും പരിചയപ്പെടുന്നത്. ഒടുവിൽ, അവരുടെ ബന്ധം അടുത്തു, അവർ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി എന്നു പറയുന്നു. പാക്കിസ്താനിലേക്ക് മടങ്ങാൻ സീമ തയ്യാറാകാത്തതിനാൽ, അവര്‍ ഇന്ത്യയിലേക്കുള്ള ബസിൽ കയറി മെയ് 13 ന് നോയിഡയിലെത്തി. അന്നുമുതൽ, ദമ്പതികൾ റാബുപുരയിലെ അംബേദ്കർ നഗറിലെ വാടക വീട്ടിലായിരുന്നു താമസം.

സീമ ഹൈദർ, പങ്കാളി സച്ചിൻ മീണ, പിതാവ് നേത്രപാൽ മീണ എന്നിവരെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഗ്രേറ്റർ നോയിഡ കോടതി മൂവർക്കും ജാമ്യം അനുവദിച്ചു.

Print Friendly, PDF & Email

Leave a Comment

More News