മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി പ്രവർത്തന ഉത്ഘാടനം ഇന്ന്

ന്യൂയോർക്ക് : ഓരോ മാർത്തോമ്മാക്കാരനും ഓരോ സുവിശേഷകനായിരിക്കണമെന്ന ദർശനം വിശ്വാസ സമൂഹത്തിന് നൽകിയ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി നിറവിൽ. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ജൂലൈ 30 ഞായറാഴ്ച (ഇന്ന്) ആരംഭിക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്  മാർത്തോമ്മ സഭയുടെ  കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻ്റ് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ സഭയിലെ ബിഷപ്പുമാരെ കൂടാതെ കേരള സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് വകുപ്പ്  മന്ത്രി സജി ചെറിയാൻ, എൻ. കെ. പ്രേമചന്ദ്രൻ എം. പി. തുടങ്ങിയവർ പ്രസംഗിക്കും.

ഒരു സുവിശേഷകനായി മാത്രം ആയുസ്സ് പൂർത്തീകരിക്കണമെന്നതു മാത്രമാണ് എൻ്റെ അഭിവാ‌ജ്ഞ എന്ന് പ്രസ്താവിച്ച ഭാഗ്യസ്മരണീയനായ ഡോ. ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സുവിശേഷ വേലയോടുളള അടങ്ങാത്ത അഭിവാ‌ജ്ഞയാണ് സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ രൂപീകരണത്തിന് പ്രേരണയായത്. 1924 ആഗസ്റ്റ് 24ന് അയിരൂർ ചായൽ പളളിയിൽ കൂടിയ യോഗത്തിൽ   സന്നദ്ധ സുവിശേഷക സംഘം രൂപീകൃതമായി. ദിവ്യശ്രീ. സി. പി. ഫീലിപ്പോസ് കശ്ശീശ പ്രസിഡൻ്റായും മൂത്താംമ്പാക്കൽ സാധു കൊച്ചുകുഞ്ഞുപദേശി ജനറൽ സെക്രട്ടറിയായും, സി. ജെ ജോൺ ഉപദേശി സഞ്ചാര സെക്രട്ടറിയായും നിയോഗിതരായി. 1938 ൽ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘമെന്ന് പുനർ നാമകരണം ചെയ്തു.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അച്ചൻകോവിലിൽ പുതിയ മിഷൻ വീടിൻ്റെ നിർമ്മാണം പൂർത്തിയായി. സുന്ദരപാണ്ട്യപുരം മിഷൻ സെന്ററിനടുത്തു സുരണ്ടെ എന്ന ഗ്രാമത്തിൽ ഒരു പുതിയ മിഷൻ സെന്ററിന് തുടക്കം കുറിക്കും. നൂറ് അംഗങ്ങൾ ഉൾപ്പെട്ട  ഗായക സംഘം  ശതാബ്ദി ഗാനം ആലപിക്കും. കൂടാതെ  സംഘത്തിൻ്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന സാധു കൊച്ചുകുഞ്ഞ്   ഉപദേശിയുടെ പ്രത്യാശ ഗാനങ്ങളും ഗായക സംഘം ആലപിക്കും.

മിഷൻ ചലഞ്ച് കോൺഫ്രറൻസുകൾ, ഉണർവ്വ് യോഗങ്ങൾ, ഗോസ്പൽ ടീം പ്രോഗ്രാമുകൾ, നിർദ്ധനരായ 100 രോഗികൾക്ക് സൗജന്യ ഡയാലിസിസ്, 10 തിമിര ശസ്ത്രക്രീയ, വിവാഹ സഹായം , വിദ്യാഭ്യാസ സഹായം, പ്രതിദിന ധ്യാന പുസ്തകം ശതാബ്ദി വാല്ല്യം , മിഷൻ ചലഞ്ച് തുടങ്ങിയവ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റവ. പി.സി.സജി, വൈസ്  പ്രസിഡൻ്റ്  ബാബു പുല്ലാട്, ട്രഷറാർ ഡോ. ഷിബു ഉമ്മൻ, അസി. സെക്രട്ടറി ബേബിക്കുട്ടി പുല്ലാട്  എന്നിവർ അറിയിച്ചു.

ഒരു വർഷം നീളുന്ന സന്നദ്ധ സുവിശേഷക സംഘത്തിന്റെ     ശതാബ്ദി ആഘോഷങ്ങൾക്ക്‌ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഭദ്രാസനത്തിനു വേണ്ടി ആശംസകൾ നേർന്നു.

Leave a Comment

More News