ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണത്തിൽ മുറിവേറ്റ ഫലസ്തീൻ കൗമാരക്കാരൻ മരിച്ചു

മൂന്ന് ദിവസം മുമ്പ് അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു ഇസ്രായേലി കുടിയേറ്റക്കാരൻ നടത്തിയ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഫലസ്തീൻ കൗമാരക്കാരൻ മരിച്ചു.

17 കാരനായ റംസി ഫാത്തി ഹമദ് തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. ഒരു സയണിസ്റ്റ് കുടിയേറ്റക്കാരന്‍ നടത്തിയ വെടിവെയ്പ്പില്‍ ഹമദിന് ഗുരുതരമായി പരിക്കേറ്റതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സമീപത്തെ ഓഫ്ര സെറ്റിൽമെന്റിന്റെ കാവൽക്കാരനായിരുന്നു സായുധ അക്രമി എന്നാണ് റിപ്പോർട്ട്.

ഹമദിന്റെ മരണത്തോടെ, ഈ വർഷാരംഭം മുതൽ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലും ഇസ്രായേൽ സേനയും സയണിസ്റ്റ് കുടിയേറ്റക്കാരും കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 219 ആയി.

ഇസ്രായേൽ ഭരണകൂട സേന പ്രാദേശിക ഫലസ്തീനികൾക്കെതിരെ നടത്തിയ വെവ്വേറെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ ദു:ഖം രേഖപ്പെടുത്താൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്
ഇപ്പോഴത്തെ സംഭവം.

ഞായറാഴ്ച ജെനിൻ പ്രവിശ്യയിലെ ദേശീയ-ഇസ്‌ലാമിക് ഫോഴ്‌സ് തിങ്കളാഴ്ചത്തെ പണിമുടക്കിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളോട് ആഹ്വാനം ചെയ്തു.

ജെനിന് തെക്ക് അറാബ പട്ടണത്തിന് സമീപം അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇസ്രായേൽ സേന വെടിയുതിർത്തപ്പോഴാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. ഇരകളിലേക്ക് ആംബുലൻസ് എത്തുന്നത് ഭരണകൂട സേന തടഞ്ഞു. പിന്നീട് ഇസ്രായേൽ സൈന്യം മൂന്ന് ഫലസ്തീനികളുടെ മൃതദേഹവും വാഹനവും പിടിച്ചെടുത്തു.

ഇസ്രായേലി സൈന്യം തിങ്കളാഴ്ച അധിനിവേശ പ്രദേശങ്ങളിൽ പലയിടത്തും റെയ്ഡുകൾ തുടർന്നു, ജെനിനിൽ രണ്ട് പേർ ഉൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്തു. ബെത്‌ലഹേം, നബ്‌ലസ്, റമല്ല, അൽ ഖുദ്‌സ് എന്നിവിടങ്ങളിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം ദിവസേന ആക്രമണം നടത്തുകയാണ്.

കഴിഞ്ഞ മാസങ്ങളിൽ, പാശ്ചാത്യ പിന്തുണയുള്ള ഇസ്രായേൽ ഭരണകൂടം, അധിനിവേശ പ്രദേശങ്ങളിലുടനീളമുള്ള പലസ്തീനിയൻ പട്ടണങ്ങളിലും നഗരങ്ങളിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment