7-ഇലവൻ സ്റ്റോറില്‍ മോഷണം നടത്തിയയാളെ ആക്രമിച്ചതിന് രണ്ട് ജീവനക്കാര്‍ അന്വേഷണം നേരിടുന്നു

കാലിഫോര്‍ണിയ: കട കൊള്ളയടിക്കാൻ ശ്രമിച്ച കള്ളനെ ആക്രമിച്ചതിന് അധികാരികൾ അന്വേഷിക്കുന്ന രണ്ട് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരില്‍ ഒരു സിഖുകാരനും ഉൾപ്പെടുന്നതായി പോലീസ്. വൈറലായ ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

ജൂലൈ 29 ന് കാലിഫോർണിയയിലെ സ്റ്റോക്ക്ടൺ നഗരത്തിലെ 7-ഇലവൻ സ്റ്റോറിലാണ് സംഭവം നടന്നതെന്ന് സിബി‌എസ് ന്യൂസ് ചാനലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

വൈറലായ വീഡിയോയിൽ, മുഖംമൂടി ധരിച്ച ഒരാൾ കടയിലെ ഷെല്‍‌ഫുകളില്‍ നിന്ന് സിഗരറ്റും മറ്റ് ഉൽപ്പന്നങ്ങളും കാലിയാക്കുന്നതായി കാണാം. കടയിലെ രണ്ട് ജീവനക്കാർ അയാളെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ഒരു വലിയ കണ്ടെയ്‌നറില്‍ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് സ്റ്റോറില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന മോഷ്ടാവിനെ ഒരു സ്റ്റോര്‍ ജീവനക്കാരന്‍ തടയുന്നതും നിലത്തു വീണ മോഷ്ടാവിനെ സിഖുകാരൻ വടികൊണ്ട് അടിക്കുന്നതും ക്ലിപ്പ് കാണിക്കുന്നു.

ഒരു അപ്‌ഡേറ്റിൽ, 7-ഇലവൻ കവർച്ചക്കാരനെ രണ്ട് ജീവനക്കാര്‍ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഞായറാഴ്ച സ്റ്റോക്ക്‌ടൺ പോലീസ് പറഞ്ഞു.

“രണ്ട് 7-ഇലവൻ ജീവനക്കാർ കവർച്ച നടത്തിയ പ്രതിയെ ആക്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാം, അന്വേഷണം തുടരുകയാണ്,” പോസ്റ്റില്‍ പറയുന്നു.

24 മണിക്കൂറിനുള്ളിൽ രണ്ട് തവണ മോഷ്ടാവ് കടയിൽ മോഷണം നടത്തിയതായി സംശയിക്കുന്നതായി സ്റ്റോക്ക്ടൺ പോലീസിനെ ഉദ്ധരിച്ച് ഓൺലൈൻ പോർട്ടൽ kcra.com റിപ്പോർട്ട് ചെയ്തു.

“തുടർന്നുള്ള അന്വേഷണത്തിനും തെളിവുകളുടെ അവലോകനത്തിനുമായി കേസ് ഞങ്ങളുടെ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയെ ഏൽപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാൽ കണ്ടെത്തലുകൾ സാൻ ജോക്വിൻ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണിക്ക് കൈമാറും, ”പോലീസ് ഫേസ്ബുക്ക് അപ്‌ഡേറ്റിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News