സീമ ഹൈദര്‍-സച്ചിൻ മീണ പ്രണയം തീയേറ്ററുകളിൽ എത്തുന്നു; ഓഡിഷൻ ആരംഭിച്ചു

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ടൈംലൈനുകളിൽ ആധിപത്യം പുലർത്തിയ, വിവാദ ജോഡികളായ സീമ ഹൈദറും സച്ചിൻ മീണയും വെള്ളിത്തിരയിലേക്ക്. അവരുടെ അതിർത്തി കടന്നുള്ള പ്രണയകഥ ഉടൻ തന്നെ ഒരു ഫീച്ചർ ഫിലിമിന്റെ രൂപത്തിൽ ബോക്സ് ഓഫീസിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

കറാച്ചി ടു നോയിഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024-ൽ പുറത്തിറങ്ങും. ജാനി ഫയർഫോക്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ, അമിത് ജാനിയുടെ മറ്റൊരു സംരംഭത്തിൽ റോ ഏജന്റിന്റെ റോളിലേക്ക് സീമ ഹൈദറിനെ പരിഗണിച്ചിരുന്നു.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള ഓഡിഷൻ ആരംഭിച്ചു കഴിഞ്ഞു. സീമ ഹൈദറിന്റെയും സച്ചിൻ മീണയുടെയും വേഷങ്ങൾ ചിത്രീകരിക്കുന്ന യുവാക്കളെ അവതരിപ്പിക്കുന്ന നിരവധി ഓഡിഷൻ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍, ഇതുവരെ ഏതെങ്കിലും ജനപ്രിയ നടൻ മുന്നോട്ടു വന്നിട്ടുണ്ടോ എന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ളയാളാണ് സീമ. ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിൽ തന്റെ 22 കാരനായ ഇന്ത്യൻ കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം താമസിക്കാനാണ് അവര്‍ തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലെത്തിയത്. 30 കാരിയായ പാക് വനിത ഏഴു വയസ്സിൽ താഴെയുള്ള കുട്ടികളുമായി ബസിൽ നേപ്പാൾ വഴി നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതാണ്.

സച്ചിനൊപ്പം ഇന്ത്യയിൽ തുടരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും, പാക്കിസ്താനിലേക്ക് മടങ്ങുകയില്ലെന്നും പറഞ്ഞു. കൂടാതെ, ഇസ്ലാം മതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു.

2019-ൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ PUBG വഴിയാണ് സച്ചിനും സീമയും ആദ്യം പരിചയപ്പെട്ടത്. കാലക്രമേണ, അവർ പരസ്പരം വികാരങ്ങൾ വളർത്തിയെടുക്കുകയും പ്രണയത്തിലാവുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News