രാഷ്ട്രീയ കിസാന്‍ മഹാസംഘ് പട്ടിണി സമരം – ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല അസംഘടിത കര്‍ഷകര്‍; രാഷ്ട്രീയ അടിമകളാകാന്‍ കര്‍ഷകരെ കിട്ടില്ല: അഡ്വ.വി.സി. സെബാസ്റ്റ്യൻ

രാഷ്ട്രീയ കിസാന്‍ മഹാസംഘ് ചിങ്ങം ഒന്ന് കര്‍ഷക കരിദിനമായി പ്രഖ്യാപിച്ച് 100 കേന്ദ്രങ്ങളില്‍ നടത്തുന്ന പട്ടിണിസമരം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു

ആലപ്പുഴ: ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല അസംഘടിത കര്‍ഷകരെന്നും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മാത്രമുള്ള ഉപകരണങ്ങളും രാഷ്ട്രീയ അടിമകളുമായി കര്‍ഷകര്‍ അധഃപതിക്കരുതെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ കര്‍ഷക കരിദിന പ്രതിഷേധത്തോടനുബന്ധിച്ച് സംസ്ഥാനതല പട്ടിണിസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടിച്ചുണര്‍ന്നില്ലെങ്കില്‍ കര്‍ഷകന്റെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ദയനീയ സ്ഥിതിയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനുപുറമെ ബോണസും ക്ഷാമബത്തയും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കുന്നവര്‍ മാസങ്ങള്‍ക്കുമുമ്പ് കര്‍ഷകരില്‍ നിന്നും വാങ്ങിയ നെല്ല് അരിയായി വിപണിയില്‍ വിറ്റിട്ടും പണം നല്‍കാത്തത് ക്രൂരതയല്ലേ. കേരളത്തിന്റെ പൊതുമനഃസാക്ഷി കര്‍ഷകര്‍ക്കായി ഉണരണം. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് വിരോധാഭാസമാണ്. കേന്ദ്രസര്‍ക്കാരാകട്ടെ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ചെറുകിട കര്‍ഷകനെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് കുതിച്ചുയരുകയാണ്. കൃഷിഭൂമിയിലെത്തിയുള്ള വന്യമൃഗങ്ങളുടെ ആക്രമങ്ങള്‍ കര്‍ഷകജീവനെടുക്കുന്നു. തീരദേശജനതയുടെ ജീവിതവും ജീവനും നിരന്തരം സര്‍ക്കാര്‍ പന്താടുന്നു. പട്ടിണിസമരം കര്‍ഷക പ്രക്ഷോഭമായി സംസ്ഥാനത്തുടനീളം ആഞ്ഞടിക്കുവാന്‍ ഇനി വൈകില്ലെന്നും നിലനില്പിനായുള്ള കര്‍ഷക പോരാട്ടത്തില്‍ എല്ലാ കര്‍ഷക സംഘടനകളും ഒറ്റക്കെട്ടായി അണിചേരണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ ഇന്നു നടക്കുന്ന പട്ടിണിസമരം കേന്ദ്ര സംസ്ഥാന സര്‍ക്കാരിനുള്ള ഒരു മുന്നറിയിപ്പാണെന്നും കര്‍ഷകനെ നിരന്തരം ദ്രോഹിച്ചതിനുശേഷം സര്‍ക്കാര്‍ഖജനാവിലെ പണംമുടക്കി ധൂര്‍ത്തു നടത്തുന്ന കര്‍ഷക ദിനാചരണം പ്രഹസനമാണെന്നും ബിനോയ് തോമസ് സൂചിപ്പിച്ചു.

ആലപ്പുഴ വെള്ളക്കിണര്‍ഭാഗത്ത് സംഘടിച്ച നൂറുകണക്കിന് കര്‍ഷകസംഘടനാ പ്രതിനിധികള്‍ പ്രകടനമായിട്ടാണ് കളക്ട്രേറ്റ് പടിക്കല്‍ എത്തിയത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനറല്‍ കണ്‍വീനര്‍ ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ സി.ടി.തോമസ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജില്ലാ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ഡിജോ കാപ്പന്‍, അഡ്വ.പി.പി.ജോസഫ്, ജോബിള്‍ വടശ്ശേരി, വി.ജെ.ലാലി, ജോര്‍ജ് സിറിയക്, വിദ്യാധരന്‍ സി.വി., ജോയി കണ്ണംചിറ, മനു ജോസഫ്, സിറാജ് കൊടുവായൂര്‍, ആയാപറമ്പ് രാമചന്ദ്രന്‍, ജേക്കബ് പുളിക്കന്‍, ചാക്കപ്പന്‍ ആന്റണി, ജയിംസ് കല്ലുപാത്ര, ബേബി പാറക്കാടന്‍, റോസ് ചന്ദ്രന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, ഹരിദാസ് കല്ലടിക്കോട് എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News