ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുള്ളത് പച്ചക്കള്ളം; താത്ക്കാലിക ജീവനക്കാരിക്കെതിരെ ആള്‍മാറാട്ട പരാതിയുമായി മറ്റൊരു കുടുംബശ്രീ പ്രവര്‍ത്തക

പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരെ ലിജിമോൾ എന്ന കുടുംബശ്രീ പ്രവര്‍ത്തക രംഗത്തെത്തി. സതിയമ്മയുടെ അവകാശവാദം പച്ചക്കള്ളമാണെന്നും തന്റെ ജോലി മറ്റാരോ ചെയ്യുന്നുണ്ടെന്ന് തനിക്കറിയില്ലെന്നും ലിജിമോൾ പറയുന്നു. മൃഗാശുപത്രിയിൽ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്‌ക്കൊപ്പം കുടുംബശ്രീയിൽ ജോലി ചെയ്തിരുന്നതായും ലിജി മോൾ പറഞ്ഞു.

താത്കാലിക തൂപ്പുകാരിയായി നിയമനം ലഭിച്ച കെ.സി.ലിജിമോൾക്ക് പകരക്കാരിയായിട്ടാണ് സതിയമ്മ ജോലി ചെയ്തിരുന്നതെന്ന് മന്ത്രി വിശദീകരിച്ചിരുന്നു.

സതിയമ്മയ്‌ക്കെതിരെ ലിജിമോൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയും പരാതി നൽകി. ഉമ്മൻചാണ്ടിയെ പുകഴ്ത്തിയതിന്റെ പേരിൽ സതിയമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്നാണ് ആരോപണം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ലിജിമോൾ രംഗത്തെത്തിയത്.

ലിജി മോൾ പറയുന്നത് ഇങ്ങനെ:

“ഞാന്‍ മൃഗാശുപത്രിയില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. അവിടെ ജോലിക്ക് അപേക്ഷിച്ചിട്ടുമില്ല. എന്റെ പേരില്‍ അവിടെ ജോലി ഉണ്ടായിരുന്നു എന്ന് അറിയുന്നതുതന്നെ കഴിഞ്ഞദിവസമാണ്. എന്റെ പേരില്‍ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. സതിയമ്മയ്‌ക്കൊപ്പം കുടുംബശ്രീയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു.

എനിക്ക് പണം കിട്ടിയിട്ടുമില്ല, ഞാന്‍ പണം എടുക്കാന്‍ ഒരിടത്തും പോയിട്ടുമില്ല. എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഞാന്‍ കഴിഞ്ഞദിവസം സ്ഥലത്തില്ലായിരുന്നു. ജോലി എന്റെ പേരിലാണെന്ന് ഇവിടെ വന്നപ്പോഴാണ് കേട്ടത്. എനിക്ക് ഇതേക്കുറിച്ച് ഒരു കാര്യവും അറിയില്ല. ഞാന്‍ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ. നാലു വര്‍ഷം മുന്‍പ് ഞാന്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല.”

അതേസമയം, വ്യാജ രേഖകൾ ഉപയോഗിച്ചാണ് സതിയമ്മ ജോലി നേടിയതെന്ന് സിപിഎം നേതാവ് കെ അനിൽകുമാർ ആരോപിച്ചു. “വാസ്തവത്തിൽ, ജോലി ലിജിമോൾക്കാണെങ്കിൽ, പണം ലിജിമോളുടെ പേരില്‍ മാത്രമേ വാങ്ങാൻ കഴിയൂ. ലിജിമോളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കാം. യഥാർത്ഥ ലിജിമോൾ അതറിഞ്ഞിട്ടുണ്ടാകുകയില്ല. ഇക്കാര്യം പരിശോധിക്കാൻ എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷം മുമ്പുണ്ടായിരുന്നത് കുടുംബശ്രീ അക്കൗണ്ടാണ്. ലിജിമോളുടെ അക്കൗണ്ടല്ല” എന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി.

സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനാണെന്ന് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും വിഎന്‍ വാസവനും കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. താല്‍കാലിക സ്വീപ്പറായി ലിജിമോളെയാണ് നിയമിച്ചതെന്നും ശമ്പളം പോകുന്നതും ലിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, തനിക്ക് ജോലിയുള്ള കാര്യം തന്നെ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് വ്യക്തമാക്കി ലിജിമോള്‍ എത്തുന്നത്.

അതേസമയം, ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നാണ് സതിയമ്മ ഇപ്പോഴും തറപ്പിച്ചുപറയുന്നത്. ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ് ഞാനും ലിജിമോളും. ആറുമാസം വീതം ഊഴംവച്ചാണ് ജോലി, ആരോഗ്യപ്രശ്‌നങ്ങളുള്ള ലിജിമോള്‍ എന്റെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. 11 വര്‍ഷമായി ജോലിയില്‍ തുടരുകയാണെന്നും സതിയമ്മ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനല്‍ ലേഖകനോട് ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയും ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചിരുന്നു. ആഗസ്ത് 12 നാണ് ഇത് സംപ്രേഷണം ചെയ്തത്. 21ന് സതിയമ്മയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇതാണ് രാഷ്ട്രീയ ചര്‍ചയായതും ഇരുമുന്നണികളും ഏറ്റെടുത്തതും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരെക്കൂടാതെ യു.ഡി.എഫ് നേതാക്കളും സതിയമ്മയെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിന് മുന്നിൽ സതിയമ്മ സമരം തുടങ്ങി.

2022 സെപ്തംബർ ഒന്ന് മുതൽ ഫെബ്രുവരി 26 വരെ സതിയമ്മ ജോലിയിൽ പ്രവേശിച്ചതായും തുടർന്ന് ഓഗസ്റ്റ് 24 വരെ ലിജിമോളെ നിയമിച്ചതായും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഡെപ്യൂട്ടി ഡയറക്ടർ 16ന് മൃഗാശുപത്രി സന്ദർശിച്ചപ്പോൾ ഷിഫ്റ്റ് മാറി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനാല്‍ പുറത്താക്കിയെന്നും ഡയറക്ടര്‍ പറയുന്നു.

 

Print Friendly, PDF & Email

5 Thoughts to “ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുള്ളത് പച്ചക്കള്ളം; താത്ക്കാലിക ജീവനക്കാരിക്കെതിരെ ആള്‍മാറാട്ട പരാതിയുമായി മറ്റൊരു കുടുംബശ്രീ പ്രവര്‍ത്തക”

  1. ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞതിനൊന്നുമല്ല അവരെ മാറ്റിയത്,, വ്യക്തമായ പരാതി കിട്ടി, DD അന്വേഷിച്ചതിൻ്റെ ഭാഗമായാണ് പിരിച്ച് വിട്ടത്,, കള്ള പേരിലാണ് ജോലി ചെയ്തിരുന്നത്,,, കോൺഗ്രസ്സും മനോരമയും കൂടെ ഇവരും ചേർന്ന് ഗവ: എതിരെ ജനങ്ങളെ തിരിക്കാൻ ഉണ്ടാക്കിയ കഥയാണ് ഉമ്മൻ ചാണ്ടികഥ,,,

  2. മനോരമക്കും, യു ഡി എഫിനും തിരിപ്പതിയായില്ലേ? ആ സാധുവിന് മുട്ടൻ പണി ആക്കി കൊടുത്തല്ലോ. വി ഡി സതീശനും, തിരുവഞ്ചൂരുമൊക്കെ തടി സലാമത്താക്കി അടുത്ത നാടകത്തിന്റെ പണിപ്പുരയിലാണ്!മനോരമ അടുത്ത തിരക്കഥയുടെ തിരക്കിലും!!പാവം സതിയമ്മ ഊരാക്കുടുക്കിലും!!!

  3. Super chakinu vachadu kokinukondu

  4. ഏഴു വർഷമായി പിണറായി ഭരിക്കുന്നു. അതിന് മുൻപേ ഈ സ്ത്രീ അവിടെ ജോലി ചെയ്തു വരുന്നു. ഇരിക്കട്ടെ 7 വർഷമായി ഈ ആൾമാറാട്ടം നടത്തിയത് കണ്ടു പിടിക്കാൻ സാധിക്കാത്തവൻ മാർക്ക് പറ്റിയ പണി ഭരണമല്ല. പറയാൻ പറ്റാത്ത മറ്റു ചിലതാണ്. ക്യാപ്സ്യൂൾ ഇറക്കുമ്പോൾ നോക്കിയും കണ്ടും ഇറക്കണ്ടേ? ഉമ്മൻ ചാണ്ടിയെ പുകഴ്ത്തുമ്പോൾ മാത്രം ആൾമാറാട്ടം ആകുന്ന വിദ്യ ക്യാപ്സ്യൂളിൻ്റെ കുഴപ്പം തന്നെയാണ്.

  5. പടക്കങ്ങൾ q ആണ് ഞങ്ങളുടെ പാർട്ടിയിൽ ഉടായിപ്പ് ഇറക്കരുത്. മാത്യു കുഴൽ nadan മാത്രം രക്ഷപെട്ടു പടക്കത്തിന്റെ കൈയിൽ നിന്ന്

Leave a Comment