ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ (Catholic Bishops Conference of India, Laity Council) സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

2023 മെയ് 17ന് സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോ നാലു മാസക്കാലമായിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്താത്തതില്‍ ദുരൂഹതയുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ മാത്രമുള്ള രാഷ്ട്രീയ തന്ത്രമായിട്ട് തുടര്‍നടപടികളില്ലാത്ത ഇത്തരം പഠന കമ്മീഷനുകളെ നിയമിക്കുന്നത് പ്രഹസനമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടര്‍ച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പഠനത്തിനായി 2020 നവംബര്‍ 5ന് ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. കാര്‍ഷിക മലയോര തീരദേശ മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ജീവിത പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ പ്രതിസന്ധികള്‍, കോച്ചിംഗ് സെന്ററുകളിലെ വിവേചനം, ക്രൈസ്തവരുള്‍പ്പെടെ പൊതുസമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ചുലക്ഷത്തോളം പരാതികളും നിര്‍ദ്ദേശങ്ങളും ലഭിച്ചുവെന്ന് കമ്മീഷന്‍ തന്നെ ഇതിനോടകം വ്യക്തമാക്കിയിരിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രസക്തിയും, ഗൗരവവും സൂചിപ്പിക്കുന്നു. ഇതിനിടയില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം, വിവേചനവും നീതി നിഷേധവുമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിക്കുകയും ചെയ്തതു.

സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടും, ക്ഷേമ പദ്ധതി നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളും ഉടന്‍ പുറത്തുവിടണം. തുടര്‍നടപടികളും വിവിധ ക്രൈസ്തവ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും അടിയന്തരമായി നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവര്‍ക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News