വിയറ്റ്നാമിലുണ്ടായ തീപിടിത്തത്തിൽ 56 പേർ മരിച്ചു

ഹനോയ്: ബുധനാഴ്ച വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയിയിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 56 പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ്.

150 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഒമ്പത് നില കെട്ടിടത്തിൽ രാത്രിയിലാണ് തീപിടുത്തമുണ്ടായതെന്ന് ഔദ്യോഗിക വിയറ്റ്നാം വാർത്താ ഏജൻസി (വിഎൻഎ) റിപ്പോര്‍ട്ട് ചെയ്തു. പുലർച്ചെ 2 മണിയോടെ (1900 ജിഎംടി) തീ നിയന്ത്രണവിധേയമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീയിൽ നിന്ന് രക്ഷപ്പെടാൻ ജനാലകളിലൂടെ ചാടിയതിനെത്തുടർന്ന് നിരവധി പേരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഹനോയ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വു ഹോങ് ഫുവോങ്ങിനെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

തീപിടിത്തം തടയുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കെട്ടിടത്തിന്റെ ഉടമ എൻഗീം ക്വാങ് മിന്നിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പൊതു സുരക്ഷാ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, കേസിൽ അന്വേഷണം നടക്കുകയാണെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഫാം മിൻ ചിൻ ബുധനാഴ്ച തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിക്കുകയും ചെറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും ജനസാന്ദ്രതയുള്ള പാർപ്പിട പ്രദേശങ്ങളിലും അഗ്നി പ്രതിരോധ സം‌വിധാനങ്ങള്‍ നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News