ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഗുരുവായൂര്‍: ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണത്തോടനുബന്ധിച്ച പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചു. തുടർന്ന് എ വൺ സൈഡിന്റെ കോൺക്രീറ്റിംഗ് ഈ മാസം 20 ന് പൂർത്തീകരിക്കും. എ ടു ഭാഗം സ്റ്റാബ് കോൺക്രീറ്റിങ്ങിനാവശ്യമായ പ്രവൃത്തികൾ നടക്കുന്നു. ഈ പ്രവൃത്തി ഒക്ടോബർ ആദ്യ വാരം പൂർത്തീകരിക്കും. ഒക്ടോബർ മാസത്തിൽ തന്നെ അപ്രോച്ച് റോഡിന്റെ ബി.എം.ബി.സി, കൈവരികളുടെയും ഫുഡ്പ്പാത്തിന്റെയും നിർമ്മാണം, പെയ്ന്റിംഗ്, തെരുവ് വിളക്ക് സ്ഥാപിക്കൽ, പാളത്തിനടിയിലെ സൗന്ദര്യവത്കരണം എന്നീ പ്രവൃത്തികളും പൂർത്തീകരിക്കും.

ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന റെയിൽവേ മേൽപ്പാല അവലോകന യോഗത്തിനു ശേഷം എൻ.കെ അക്ബർ എം.എൽ.എ യുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭാ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കരാറുകാർ നിർമ്മാണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ്, നഗരസഭ എഞ്ചിനീയര്‍ ഇ. ലീല,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആർ.ബി.ഡി.സി ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഉറവിടം: പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News