ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ ചങ്കൂറ്റത്തോടെ പങ്കെടുത്തവരെ ചരിത്രത്തിൽനിന്നു തുടച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ചങ്കൂറ്റത്തോടെ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്തു പ്രകടനമായ മതനിരപേക്ഷ ഐക്യം സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ പിന്നിട്ട ഘട്ടത്തിൽ, ഛിദ്രമാകുന്നുണ്ടോയെന്ന ആശങ്കകളുടെ കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച മൗനഭാഷ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൃത്തബോധിനി, സ്വാതന്ത്ര്യ ദർശനം എന്നീ പുസ്തകങ്ങൾ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യമെന്ന ആശയത്തെ ഇഴകീറി പരിശോധിക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാത്തരത്തിലും സ്വതന്ത്രമാകുന്ന നിലയിലേക്കു സമൂഹം വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അത്തരം പരിശോധനകൾക്കു പ്രേരണ നൽകുന്നതാണു ഡോ. വി.പി. ജോയി രചിച്ച സ്വാതന്ത്ര്യ ദർശനമെന്ന പുസ്തകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാതൃഭാഷാ പരിപോഷണത്തിനു ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണു ഡോ. വി.പി. ജോയിയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ജോയിയുടെ ഭാഷാ സ്നേഹവും കാവ്യാഭിരുചിയും മലയാളവന്ദനമെന്ന കവിതയിൽ നിറഞ്ഞുനിൽക്കുന്നു. ഭാവനയുടെ പുതിയ വഴികളിലൂടെ മനസിനെ ആനയിക്കുന്ന ശ്രദ്ധേയമായ 26 കവിതകളുടെ സമാഹാരമാണിത്. വർത്തമാനകാല ജീവത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ മുതൽ എല്ലാ കാലത്തിനും ബാധകമാകുന്ന തത്വചിന്തകൾ വരെ ഈ കവിതകളിലുണ്ട്. വൃത്തശാസ്ത്ര പഠനത്തിന് ഉതകുന്ന കൃതിയാണു വൃത്തബോധിനി. മലയാളം മുഖ്യവിഷയമായി എടുത്തു പഠിക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കവിയും കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ പ്രൊഫ. വി. മധുസൂദനൻ നായർക്കു പുസ്തകങ്ങൾ നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രൊഫ. ജോർജ് ഓണക്കൂർ പുസ്തക പരിചയം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഷിബു ശ്രീധർ, റിസേർച്ച് ഓഫിസർ കെ.ആർ. സരിത കുമാരി എന്നിവർ പങ്കെടുത്തു.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

ഫെയ്സ്ബുക്ക് കമന്റുകള്‍ ഇവിടെ വായിക്കാം

Print Friendly, PDF & Email

Leave a Comment

More News