വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുത്ത് ക്ഷേത്ര മോഷണങ്ങള്‍ നടത്തിവന്നിരുന്ന മൂന്നംഗ സംഘത്തെ പിടികൂടി

കൊല്ലം: കുണ്ടറയിൽ ക്ഷേത്രത്തിൽ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച സംഘം പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി പ്രസാദ് എന്ന സലിം, ചിറയിൻകീഴ് സ്വദേശി ഹനീസ, കൊല്ലം സ്വദേശി മസ്‌ഹര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് മോഷ്ടിച്ച വിളക്കുകള്‍ പോലീസ് കണ്ടെടുത്തു.

അമ്പിപ്പൊയ്കയിലെ കളരി അത്തിപ്പറമ്പിൽ ശ്രീദുർഗാ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിലാണ് മൂന്നംഗ സംഘം കവർച്ച നടത്തിയത്. പൂജകൾക്കായി സൂക്ഷിച്ചിരുന്ന 40ഓളം വിളക്കുകളാണ് ഇവർ മോഷ്ടിച്ചത്. ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാക്കളായ ഇവരെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റു ചെയ്തത്.

മോഷണം ലക്ഷ്യമിട്ട് ഒരു മാസമായി കുണ്ടറ അമ്പിപൊയ്കയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് കുറച്ച് നാൾ താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സലീമും ഹസീനയും ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടു തന്നെ അയൽക്കാർ ഇവരെ സംശയിച്ചിരുന്നില്ല.

ഇവർ താമസിച്ചിരുന്ന വീടിന്റെ പരിസരത്തും മോഷണം നടത്തിയതായി സംശയിക്കുന്നു. മോഷ്ടിച്ച സാധനങ്ങൾ അവർ മസ്‌ഹറിനെ ഏൽപ്പിക്കുകയായിരുന്നു പതിവ്. ആക്രിക്കട നടത്തുന്നയാളാണ് മസ്‌ഹര്‍. ഇയാളുടെ കടയിൽ നിന്ന് വിളക്കുകൾ പിടിച്ചെടുത്തു.

Print Friendly, PDF & Email

Leave a Comment

More News