കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേന്ദ്ര സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തിനെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തെ കേന്ദ്ര സർക്കാരിന്റെ പീഡനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.

150 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെ കേന്ദ്രസർക്കാരിന്റെ വേട്ടയാടൽ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പീഡന ആരോപണം അങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. പാവപ്പെട്ടവരാണ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ന്യായീകരിക്കുകയാണെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞു.

സഹകരണ ബാങ്ക് അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോൾ 150 കോടി ചെറിയ തുകയാണെന്ന് ഒരു മന്ത്രി പറഞ്ഞതായും മുരളീധരൻ ഓർമിപ്പിച്ചു. സാധാരണക്കാർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി സ്വരൂപിച്ച തുകയാണ് കൊള്ളയടിക്കപ്പെട്ടത്.

മുൻ മന്ത്രിയും സിപിഐ എം നേതാവുമായ എ സി മൊയ്തീൻ നിരപരാധിയാണെങ്കിൽ പിന്നെ എന്തിനാണ് ഒളിച്ചോടുന്നതെന്ന് അദ്ദേഹം ചോദിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണത്തിൽ തനിക്ക് പങ്കില്ലെങ്കിൽ എന്തുകൊണ്ട് ഇഡിക്ക് മുന്നിൽ ഹാജരായി ഏജൻസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല? സമാന കേസുകളിൽ ആർക്കെതിരെയും ഇഡി വ്യാജ കേസുകളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇഡിയെ ഭയന്നാണ് ഈ കൊള്ള സംഘം ഇപ്പോള്‍ നടക്കുന്നതെന്നും സഹമന്ത്രി കൂട്ടിച്ചേർത്തു. അറസ്റ്റിലാകുന്നതോടെ ഇവർ ജയിലിൽ പോകുമെന്നത് തീര്‍ച്ചയാണ്. മതിയായ തെളിവുകൾ ലഭിച്ചതിന് ശേഷം മാത്രം മുന്നോട്ട് പോകുന്ന ഒരു ഏജൻസിയാണ് ഇ ഡി എന്നും അദ്ദേഹം പറഞ്ഞു.

ഇ ഡി യുടെ ചോദ്യം ചെയ്യലും മറ്റ് നടപടിക്രമങ്ങളും ക്യാമറയിൽ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. സംശയമുള്ളവർക്ക് കോടതിയെ സമീപിക്കാം. ഇ ഡിയെ പേടിച്ച് ഓടിപ്പോകാമെന്ന് ഒരിക്കലും കരുതരുത്. അഴിമതിയിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

 

Print Friendly, PDF & Email

Leave a Comment

More News