പാക്കിസ്താന് ലോകബാങ്കിന്റെ തിരിച്ചടി; ദാരിദ്ര്യ നിരക്ക് 39.4 ശതമാനമായി ഉയർന്നു

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്താനിൽ സ്ഥിതി കൂടുതൽ വഷളാകുന്നു. ഇപ്പോൾ ഇവിടെ ദരിദ്രരുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പാക്കിസ്താനിലെ ദാരിദ്ര്യ നിരക്ക് 39.4 ശതമാനമായി വർധിച്ചതായി ലോകബാങ്ക് പാക്കിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങേയറ്റം മോശമായ സാമ്പത്തിക സ്ഥിതി കാരണം, രാജ്യത്തെ 1.25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് വീണു. ലോകബാങ്ക് അവതരിപ്പിച്ച പാക്കിസ്താന്റെ ദാരിദ്ര്യ കണക്കുകൾ രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു രൂപരേഖ നൽകി. പാക്കിസ്താനിലെ ദാരിദ്ര്യം ഒരു വർഷത്തിനുള്ളിൽ 34.2 ശതമാനത്തിൽ നിന്ന് 39.4 ശതമാനമായി ഉയർന്നു. ഇതോടെ രാജ്യത്ത് 1.25 കോടി പേർ കൂടി ദാരിദ്ര്യരേഖയ്ക്ക് താഴെ എത്തിയതോടെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 9.5 കോടിയായി. ലോകബാങ്ക് പാക്കിസ്താനിൽ വരാനിരിക്കുന്ന സർക്കാരിനായി തയ്യാറാക്കിയ കരട് നയം പുറത്തിറക്കുകയും അത് മെച്ചപ്പെടുത്തുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഉപദേശവും നൽകുകയും ചെയ്തു.

സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ രാജ്യം അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ആഗോള സംഘടന പറഞ്ഞു. പാക്കിസ്താന്റെ സാമ്പത്തിക മാതൃക ദാരിദ്ര്യം കുറയ്ക്കുന്നില്ലെന്നും സമമായ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജീവിതനിലവാരം തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ലോകബാങ്കിന്റെ പാക്കിസ്താന്‍ മുഖ്യ സാമ്പത്തിക വിദഗ്ധൻ തോബിയാസ് ഹഖ് പറയുന്നു. സാമ്പത്തിക സ്ഥിരതയ്ക്കായി രാജ്യം സ്വീകരിക്കേണ്ട നടപടികളിൽ കൃഷിക്കും റിയൽ എസ്റ്റേറ്റിനും നികുതി ചുമത്തുന്നതിനൊപ്പം പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും ഉൾപ്പെടുമെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്താൻ ഗുരുതരമായ സാമ്പത്തിക, മാനവ വികസന പ്രതിസന്ധി നേരിടുന്നുണ്ടെന്നും വലിയ നയപരമായ മാറ്റങ്ങൾ ആവശ്യമായ ഘട്ടത്തിലാണെന്നും തോബിയാസ് ഹഖ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News