അനധികൃത വെബ്സൈറ്റ് സന്ദര്‍ശിച്ചെന്ന് സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: അനധികൃത വെബ്സൈറ്റ് സന്ദര്‍ശിച്ചെന്നും പിഴ ഒടുക്കണമെന്നുമുള്ള സൈബര്‍ സെല്ലിന്റെ പേരില്‍ ലഭിച്ച വ്യാജ സന്ദേശം കണ്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥി ആദിനാഥാണ് ചേവായൂരിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചത്.

ലാപ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് ആദിനാഥിന് വ്യാജ സന്ദേശം ലഭിച്ചത്. താൻ അനധികൃത വെബ്‌സൈറ്റിൽ പ്രവേശിച്ചുവെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്. അതുകൊണ്ട് 33,900 രൂപ ഉടൻ നൽകണമെന്ന് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു വെബ്‌സൈറ്റ് ഉപയോഗിച്ച ഹാക്കർ വിദ്യാര്‍ത്ഥിയുടെ ബ്രൗസർ ലോക്ക് ചെയ്യുകയും കമ്പ്യൂട്ടർ ഹാക്ക് ചെയ്യുകയും ചെയ്തു. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന് ആദിനാഥിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പറഞ്ഞ സമയത്തിനകം പണം നല്‍കിയില്ലെങ്കില്‍ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരുമെന്നും പറഞ്ഞു. കൂടാതെ, വിദ്യാര്‍ത്ഥിയുടെ വീട്ടിൽ പോലീസ് എത്തി അറസ്റ്റ് ചെയ്യുമെന്നും, രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്നും സന്ദേശത്തിൽ പറഞ്ഞു. ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Comment

More News