കേരളത്തിൽ വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളിയാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി.

തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴ പെയ്തു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് 6 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയെ സൂചിപ്പിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഐഎംഡി വൃത്തങ്ങൾ അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴയ്‌ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മ്യാന്മറിനും ഇടയില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. ശക്തമായ ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും മഴ ശക്തിപ്പെടാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഹൈറേഞ്ചിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) തിരുവനന്തപുരത്ത് അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം: ഇന്ന് (സെപ്‌റ്റംബര്‍ 29) രാത്രി 11.30 വരെ ഒന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും‌ കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെ (സെപ്‌റ്റംബര്‍ 30) 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ ശക്തമാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഇന്നും നാളെയും (സെപ്‌റ്റംബര്‍ 29,30) നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും ഹാര്‍ബറുകളില്‍ സുരക്ഷിതമായ അകലങ്ങളില്‍ കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങളും ബോട്ടുകളും കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കണം. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം: ആകാശത്ത് കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക. ഇടിമിന്നല്‍ ആദ്യ ലക്ഷണം കണ്ടാല്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി നില്‍ക്കണം. തുറസായ സ്ഥലത്തോ മൈതാനങ്ങളിലോ നില്‍ക്കാതിരിക്കുക. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കോ മരങ്ങള്‍ക്കോ മുകളില്‍ കയറരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് കൂടുതല്‍ അപകടം ഒഴിവാക്കും. വലിയ മരങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കാതിരിക്കുക.

തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News