ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച വാഹനം പുഴയില്‍ വീണു; രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: ഗൂഗിള്‍ മാപ്പു നോക്കി വാഹനമോടിച്ച അഞ്ചംഗ സംഘം അപകടത്തില്‍ പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനം പുഴയിലേക്ക് വീണ് രണ്ടു ഡോക്ടര്‍മാര്‍ സംഭവസ്ഥലത്തുവെച്ചു മരണപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മൽ എന്നിവരാണ് മരിച്ചത്.

രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മെയിൽ നഴ്‌സും മെഡിക്കൽ വിദ്യാർത്ഥിയും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ. ഇതിനിടെ ഗോതുരുത്ത് കടൽവാതുതുരുത്ത് പുഴയിലേക്ക് വാഹനം വീഴുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം വാഹനം ഓടിച്ചിരുന്നത്.

നിലവിൽ എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത്. മഴയിൽ കാഴ്ച മങ്ങിയതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. പുഴയിൽ വീണതും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും നില തൃപ്തികരമാണ്. അദ്വൈതിന്റെയും അജ്മലിന്റെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

Print Friendly, PDF & Email

Leave a Comment

More News