കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പ്രചാരണം പുരോഗമിക്കുന്നു

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 1 നാണ് പ്രചാരണം ആരംഭിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ പ്രചാരണത്തിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി ടി ഷിഹാബ് നിര്‍വഹിച്ചു. തുടര്‍ന്ന് മുണ്ടിയെരുമയിലെ ഗവ. എച്ച് എസ് കല്ലാര്‍ സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകളിലായാണ് ആദ്യ ക്ലാസ്സ് നടത്തിയത്.

പഞ്ചായത്തിലെ 3,4 വാര്‍ഡുകളിലെ 30 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് മാലിന്യമുക്തം നവകേരളം പ്രചാരണ സന്ദേശം ചൊല്ലിക്കൊടുത്തു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 265 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും 4000 വനിതകളാണ് തിരികെ സ്‌കൂളിലേക്ക് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്.

പഞ്ചായത്തിന് കീഴിലുള്ള ആറ് സ്‌കൂളുകളിലായി പരിശീലനം ലഭിച്ച 15 അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. അഞ്ച് പീരിയഡുകളായാണ് ക്ലാസ്സ് നടത്തുക. സംഘടന, മൈക്രോ ഫിനാന്‍സ്, ഡിജിറ്റല്‍ ക്ലാസ്, ഉപജീവനം, ലിംഗസമത്വം എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലൂന്നിയാണ് ക്ലാസ്. കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ അച്ചടക്കം, സാമ്പത്തിക ഭദ്രത, സാമൂഹിക സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയ ഓര്‍മ്മകളിലേക്കും സ്‌കൂള്‍ ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുപോകുന്നതിനും കൂടിയാണ് തിരികെ സ്‌കൂളിലേക്ക് പ്രചാരണം നടപ്പിലാക്കുന്നത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Print Friendly, PDF & Email

Leave a Comment

More News