മറുനാടന്‍ മലയാളി ചാനലിന്റെ ഉപകരണങ്ങള്‍ എന്തിന് പിടിച്ചെടുത്തു? പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ചാനലിന്റെ ഓഫീസില്‍ നിന്ന്‌ പിടിച്ചെടുത്ത മോണിറ്ററുകളും കമ്പ്യൂട്ടറുകളും ഉടന്‍ തന്നെ തിരികെ നല്‍കണമെന്നാണ് കോടതി പോലീസിന്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് എന്തിനാണെന്ന്‌ കോടതി ചോദിച്ചു. കമ്പ്യൂട്ടറുകൾ മോണിറ്ററുകൾ എന്നിവയാണ് ചാനലിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ചാനലിന് നൽകണം എന്ന് കോടതി നിർദ്ദേശിച്ചു.

പി.വി. ശ്രീനിജന്‍ എം എല്‍ എ

പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ? മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ തെളിയിക്കേണ്ടത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും ചാനലിന് തന്നെ തിരികെ നൽകണം എന്നും കോടതി വ്യക്തമാക്കി. അതേസമയം, വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം അനുവദിക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.

സിപി‌എം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി വി ശ്രീനിജന്റെ പരാതിയിൽ എടുത്ത കേസിലാണ് ചാനലിന്റെ ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടറുകള്‍, ക്യാമറകൾ, ലാപ്‌ടോപ് എന്നിവയാണ് പോലീസിന്റെ പക്കലുള്ളത്. പരാതിയിൽ മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ അടക്കം എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം പോലീസ് കേസ് എടുത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News