സിക്കിമിലെ മറ്റൊരു തടാകം പൊട്ടുന്നതിന്റെ വക്കിൽ

ഗാങ്ടോക്ക്: സിക്കിമിലെ മറ്റൊരു തടാകം പൊട്ടുന്നതിന്റെ വക്കിലാണ്. തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 135 കിലോമീറ്റർ അകലെയുള്ള ലാചെൻ താഴ്‌വരയിലെ ഷാക്കോ ചു തടാകം അതീവ ഗുരുതരാവസ്ഥയിലാണ്. ഗ്ലേഷ്യൽ തടാകത്തിലെ വെള്ളപ്പൊക്കത്തിന് തൊട്ടുമുമ്പുള്ള ഘട്ടം എന്ന് ഇതിനെ വിളിക്കാം. ജില്ലാ ഭരണകൂടം അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

നേരത്തെ, ഒക്ടോബർ 3 ന് മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കം സംസ്ഥാനത്ത് നാശം വിതച്ചിരുന്നു. മംഗാൻ, ഗാങ്‌ടോക്ക്, പാക്യോങ്, നാംചി എന്നീ നാല് ജില്ലകളാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. 25,000 പേരെയാണ് പ്രളയം ബാധിച്ചത്. 1200 വീടുകൾ ഒലിച്ചുപോയി. ഏഴായിരത്തോളം പേർ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 2,413 പേരെ രക്ഷപ്പെടുത്തി.

സംസ്ഥാനത്തുടനീളം ആരംഭിച്ച 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 6,875 പേരാണ് കഴിയുന്നത്. അതേസമയം, വെള്ളിയാഴ്ച രാത്രി വൈകിയും ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ബുർദാങ് മേഖലയിൽ നിന്ന് കാണാതായ 23 സൈനികരിൽ 7 പേരുടെ മൃതദേഹങ്ങൾ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്തതായി മുഖ്യമന്ത്രി പി എസ് തമാങ് പറഞ്ഞു. കാണാതായ സൈനികരിൽ ഒരാളെ രക്ഷപ്പെടുത്തി. 15 സൈനികർ ഉൾപ്പെടെ 143 പേരെ ഇനിയും കാണാതായിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News