മയക്കുമരുന്ന് വില്പന: കുടിയേറ്റ തൊഴിലാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: കുടിയേറ്റ തൊഴിലാളിയടക്കം മൂന്നു പേരെ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം അടൂരിലും ഏനാത്തും നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. അസം സ്വദേശികളായ ഫക്രുദ്ധീൻ (26), ഫരീദാ ഖാത്തൂൺ (23) എന്നിവരാണ് അറസ്റ്റിലായത്. 14 ചെറിയ കുപ്പികളിലായി വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്ത 3.62 ഗ്രാം ബ്രൗൺ ഷുഗറാണ് ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.

അതേ സമയം ഏനാത്ത് നടന്ന മറ്റൊരു സംഭവത്തിൽ 40 ഗ്രാം കഞ്ചാവുമായി കൊല്ലം കുന്നത്തൂർ സ്വദേശി വിഷ്ണു എന്ന യുവാവ് പിടിയിലായി. കൊല്ലം ജില്ല കേന്ദ്രീകരിച്ച് കുറച്ചുകാലമായി വിഷ്ണു കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടിരുന്നതായി അധികൃതർ സംശയിക്കുന്നു. ഇയാളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാരെങ്കിലുമുണ്ടോ എന്നറിയാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

അടൂർ, ഏനാത്ത് പോലീസിന്റെ സഹകരണത്തോടെ നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റെയ്ഡും അറസ്റ്റും നടത്തിയത്.

Print Friendly, PDF & Email

Leave a Comment

More News