ഐയുഎംഎൽ നേതാവ് കെഎം ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരിച്ചു നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) നേതാവ് കെഎം ഷാജിക്കെതിരെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത 47,35,500 രൂപ വിട്ടുനല്‍കാന്‍ ഒക്‌ടോബർ 10ന് ഹൈക്കോടതി ഉത്തരവിട്ടു.

തുക തിരിച്ചു നല്‍കണമെന്ന തന്റെ അപേക്ഷ തള്ളിയ കോഴിക്കോട് വിജിലൻസ് ഉത്തരവിനെതിരെ ഷാജി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എഎയുടെ നിർദേശം.

2011 ജൂൺ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 166 ശതമാനം മാർജിനിൽ തന്റെ വരുമാന സ്രോതസ്സുകൾക്കപ്പുറം സ്വത്ത് സമ്പാദിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) കേസെടുത്തത്. കണ്ണൂർ അലവിൽ ഒറ്റത്തെങ്ങുമണലിലുള്ള ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ പൂർണമായും മറച്ച് കട്ടിലിനടിയിൽ 46,35,500 രൂപയും ബാക്കി 1,00,000 രൂപ അതേ മുറിയിലെ അലമാരയിൽനിന്നുമാണ് കണ്ടെത്തിയത്.

2021 ഏപ്രിൽ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു താനെന്നും 2021 മാർച്ച് 16ന് നടന്ന യുഡിഎഫ് യോഗത്തിൽ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഫണ്ട് ശേഖരിക്കാൻ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് തുക പിരിച്ചെടുത്തതെന്നും ഷാജി ഹർജിയിൽ പറഞ്ഞു. ഹർജിക്കാരന്റെ വീട്ടിൽ പ്രവർത്തിച്ചിരുന്ന തിരഞ്ഞെടുപ്പ് ക്യാമ്പ് ഓഫീസിലാണ് പണം സൂക്ഷിച്ചിരുന്നത്.

തുക തിരിച്ചു നല്‍കണമെന്ന അദ്ദേഹത്തിന്റെ ഹർജി വിജിലൻസ് കോടതി തള്ളുമ്പോൾ, തുകയുടെ രസീതുകളൊന്നും ശരിയായ രീതിയിൽ ആധികാരികമല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പിന് ശേഷവും ഹരജിക്കാരന് തിരഞ്ഞെടുപ്പ് ചെലവിലേക്ക് സംഭാവന ലഭിച്ചതായി വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പ് ചെലവിലേക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച തുകയാണെന്ന് ഹരജിക്കാരൻ നൽകിയ വിശദീകരണവും തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നൽകിയ ചെലവുകളുടെ വിശദീകരണവുമായി പൊരുത്തപ്പെടുന്നില്ലെന്നും വിജിലൻസ് ജഡ്ജി കണ്ടെത്തി.

കേസിൽ ഹരജിക്കാരൻ കുറ്റക്കാരനാണെന്ന് വിചാരണ വേളയിൽ കണ്ടെത്തിയാൽ തുക തിരിച്ചുപിടിക്കാമെന്നും കോടതി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News