ഭാര്യയ്ക്ക് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ല എന്ന കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ഭാര്യക്ക്‌ പാചകം അറിയില്ല, ഭക്ഷണം പാകം ചെയ്ത്‌ വിളമ്പുന്നില്ല… വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഭാര്യയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി ഉന്നയിച്ച ആരോപണങ്ങള്‍. എന്നാല്‍, പാചകം അറിയാത്തതോ പാചകം ചെയ്യാത്തതോ വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന്‌ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അപ്പീല്‍ തള്ളി.

കുടുംബ കോടതി തന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. കുടുംബ കോടതിയുടെ ഉത്തരവില്‍ അപാകതയില്ലെന്നും ഭക്ഷണം തയ്യാറാക്കാത്തത്‌ വിവാഹമോചനത്തിലേക്ക്‌ നയിക്കുന്ന ക്രുരതയായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും സോഫി തോമസും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ്‌ ഏഴ്‌ മാസത്തിന്‌ ശേഷം ഭാര്യ നിസാര കാരണങ്ങളുടെ പേരില്‍ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയെന്നും
ബന്ധുക്കള്‍ക്ക്‌ മുന്നില്‍ വെച്ച്‌ തന്നെ അപമാനിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ഭര്‍ത്താവിന്‌ പെരുമാറ്റ
വൈകല്യമുണ്ടെന്നായിരുന്നു ഭാര്യയുടെ മറുവാദം. ഇത്‌ കോടതി ശരിവച്ചു. 2012ലാണ്‌ ഇരുവരും വിവാഹിതരായത്‌.

ഭര്‍ത്താവിന്റെ വാദങ്ങള്‍:

– ഭാര്യക്ക്‌ പാചകം ചെയ്യാനറിയില്ല, ഭക്ഷണം തയ്യാറാക്കുന്നില്ല.

– ഭര്‍ത്താവിനെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടാന്‍ ഭാര്യ തൊഴിലുടമയ്ക്ക്‌ ഇമെയില്‍ അയച്ചു.

– അവള്‍ ഒരിക്കല്‍ തന്റെ ദേഹത്ത് തുപ്പി (പിന്നീട് ക്ഷമാപണം നടത്തി).

– തനിക്കെതിരെ വനിതാ സെല്ലിലും മജിസ്ട്രേറ്റ്‌ കോടതിയിലും പരാതി നല്‍കി.

ഭാര്യയുടെ വാദങ്ങള്‍:

– ഭര്‍ത്താവിന്‌ പെരുമാറ്റ വൈകല്യമുണ്ട്‌.

– പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഗള്‍ഫിലുള്ള തൊഴിലുടമയ്ക്ക്‌ ഇ-മെയില്‍ അയച്ചു (ഇ മെയില്‍ പരിശോധിച്ച ഹൈക്കോടതി ഇത്‌ ശരിവച്ചു).

– ശാരീരിക പീഡനം, മറ്റ്‌ സ്ത്രീകളുമായി താരതമ്യം ചെയ്യുന്നു.

– ഭര്‍ത്താവിനെ ഡോകുറുടെ അടുത്തേക്ക്‌ കൊണ്ടുപോയി. എന്നാല്‍, മരുന്ന്‌ കഴിക്കാന്‍ തയ്യാറായില്ല.

Print Friendly, PDF & Email

Leave a Comment

More News