ഫിലഡല്‍ഫിയയില്‍ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സ് ദിനം സമുചിതമായി ആഘോഷിച്ചു

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സ് ആന്റ് ഗ്രാന്‍ഡ് പേരന്റ്‌സിന്റെ സംയുക്തസമ്മേളനംഒക്ടോബര്‍ 15 ശനിയാഴ്ച്ച ചിക്കാഗോ സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ആത്മീയസാന്നിദ്ധ്യത്തില്‍ നടന്നു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിക്ക് ശേഷമാണ് സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും സൗഹൃദം പുതുക്കുന്നതിനായി ദേവാലയഹാളില്‍ ഒത്തുകൂടിയത്.

സീറോമലബാര്‍ ഇടവകയുടെ സ്ഥാപനത്തിനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും പിന്നില്‍ നിസ്തുല സേവനം ചെയ്ത നൂറോളം സീനിയേഴ്‌സും, ഗ്രാന്‍ഡ് പേരന്റ്‌സും ഒത്തുചേരലിനെത്തിയിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും, 24 ന്യൂസ് ചാനലിന്റെ വിദേശകാര്യ റിപ്പോര്‍ട്ടറുമായ പി.പി. ജയിംസും സീനിയേഴ്‌സിന് ആദരവുകള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്ത് കേരളതനിമയിലും, സംസ്‌കാരത്തിലുമുള്ള സ്‌നേഹകൂട്ടായ്മകള്‍ അവരുടെ പരിശ്രമഫലമായി രൂപംകൊണ്ടു. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സഭാവ്യത്യാസം കൂടാതെ ഒന്നായി നിന്നിരുന്നവര്‍ ‘വളരുംതോറും പിളരും’ എന്ന തത്വത്തിലൂന്നി അവരവരുടെ പള്ളികള്‍ സ്ഥാപിക്കുകയും, ആരാധനാകാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.

സ്‌നേഹകൂട്ടായ്മയായി 1970 കളുടെ അവസാനം ആരംഭിച്ച ഫിലാഡല്‍ഫിയാ ക്രൈസ്തവസമൂഹം വളര്‍ന്ന് 1980 ന്റെ ആദ്യപകുതിയില്‍ ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴില്‍ 3 കത്തോലിക്കാ റീത്തുകള്‍ക്കായി സീറോമലബാര്‍, സീറോമലങ്കര, ഇന്‍ഡ്യന്‍ ലത്തീന്‍ എന്നിങ്ങനെ മിഷനുകള്‍ അനുവദിക്കപ്പെട്ടു. ത്വരിതഗതിയില്‍ വളര്‍ച്ച നേടിയ സീറോമലബാര്‍ മിഷന്‍ 2001 ല്‍ സ്ഥാപിതമായ ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ കീഴിലായി. ചിക്കാഗോ രൂപതാസ്ഥാപനത്തിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഫിലഡല്‍ഫിയാ ഉള്‍പ്പെടെ അമേരിക്കയിലെ എല്ലാ പ്രധാന കുടിയേറ്റനഗരങ്ങളിലും സീനിയേഴ്‌സിന്റെ നിരന്തര പ്രവര്‍ത്തനഫലമായി സ്‌നേഹകൂട്ടായ്മകള്‍ ഉടലെടുത്തിരുന്നു. ശൈശവദശയിലായിരുന്ന രൂപതയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചക്ക് അതൊരു മുതല്‍ക്കൂട്ടായിരുന്നു.

ഫിലാഡല്‍ഫിയാ സീറോമലബാര്‍ മിഷന്‍ 2005 ല്‍ തോമ്മാശ്ലീഹായുടെ നാമത്തിലുള്ള ഇടവകദേവാലയമായി ഉയര്‍ത്തപ്പെട്ടതിനൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ക്രമീകരിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദേവാലയപാര്‍ക്കിങ്ങ് ലോട്ട് വിപുലീകരണം, ദേവാലയപുനര്‍നിര്‍മ്മാണം, മദ്ബഹാ നവീകരണം, ഗ്രോട്ടോ നിര്‍മ്മാണം തുടങ്ങിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ യുവജനശാക്തീകരണം, അത്മായ സംഘടനകളുടെ രൂപീകരണം എന്നിവ പടിപടിയായി നിര്‍വഹിക്കപ്പെട്ടു. ഇതിനെല്ലാം കാരണഭൂതരായ സീനിയേഴ്‌സിന്റെ ത്യാഗങ്ങളും, പരിശ്രമങ്ങളും, കഷ്ഠപ്പാടുകളും അനുസ്മരിച്ച് ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് തന്റെ ഉത്ഘാടനപ്രസംഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

പ്രവാസജീവിതത്തില്‍ സ്വന്തം ദേവാലയങ്ങളോ, മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് സ്വന്തം കുടുംബത്തെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ മക്കളും, കൊച്ചുമക്കളുമൊത്തോ, ഒറ്റക്കോ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്. അമേരിക്കയിലെ മലയാളി സമൂഹവളര്‍ച്ചയ്ക്കും, മാതൃരാജ്യപുരോഗതിക്കും ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്.

ദേവാലയകേന്ദ്രീകൃതമായ വിശ്വാസജീവിതവും, ക്രൈസ്തവമൂല്യങ്ങളും മുറുകെപിടിച്ചിരുന്ന സീനിയേഴ്‌സ് തങ്ങള്‍ക്ക് പൂര്‍വികരില്‍നിന്ന് ലഭിച്ച വിശ്വാസചൈതന്യം സ്വന്തം മക്കളിലേക്കും കൈമാറി. കുട്ടികളുടെ വിശ്വാസപരിശീലനം, യുവജനപങ്കാളിത്തം, ആഘോഷാവസരങ്ങളില്‍ ഒത്തുചേരല്‍ എന്നിവ എല്ലാപ്രവാസി സമൂഹങ്ങളും കൃത്യമായി പാലിച്ചുപോന്നു. സെക്കന്റ് ജനറേഷനില്‍നിന്നും സഭാശുശ്രൂഷക്കായി വൈദികരെയും, കന്യാസ്ത്രികളെയും, അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായി ധാരാളം പ്രൊഫഷണലുകളെയും സംഭാവന നല്‍കിയിട്ടുണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം.

സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഡോ. ജയിംസ് കുറിച്ചി എല്ലാവരെയും സ്വാഗതം ചെയ്തു. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യപ്രഭാഷണവും, പി. പി. ജയിംസ് സീനിയേസിന് അശംസകളും അര്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വിന്‍സന്റ് ഇമ്മാനുവല്‍ പി. പി. ജയിംസിനെ സദസിന് പരിചയപ്പെടുത്തി. രണ്ടരവര്‍ഷങ്ങളിലെ സേവനത്തിനുശേഷം ആരോഗ്യ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുന്ന ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന് സീനിയേഴ്‌സ് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ജോര്‍ജ് മാത്യു സി.പി.എ. അച്ചന് ആശംസകളും, ആയുരാരോഗ്യവും നേര്‍ന്നു.

ഡോ. ജയിംസ് കുറിച്ചി, ജോര്‍ജ് വേലാച്ചേരി, ജോസ് മാളേയ്ക്കല്‍, ജോസ് ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സണ്ണി പടയാറ്റില്‍, ജോയി കരുമത്തി, ചാര്‍ലി ചിറയത്ത്, ബേബി തോട്ടുകടവില്‍ എന്നിവരുള്‍പ്പെടുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ‘സീറോഫില്ലി’ സീനിയേഴ്‌സിന്റെ കൂടിവരവിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.

ഫോട്ടോ: ജോസ് തോമസ്

 

Print Friendly, PDF & Email

Leave a Comment