ഫ്ലാഷ്ബാക്ക്: എൽബിഎസ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

ഡാളസ് :  “ഓർമ്മയുണ്ടോ ഈ മുഖം?” എന്ന അന്വർത്ഥമായ ടാഗ് ലൈനുമായി എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്-ൻറെ നോർത്ത് അമേരിക്ക പൂർവവിദ്യാർത്ഥിസംഗമം ഒക്ടോബർ 27, 28 തീയതികളിലായി ഡാലസിൽ വച്ച് നടത്തപ്പെട്ടു. 1997-2006 വരെയുള്ള ബാച്ചുകളിൽ നിന്നായി 70-ഇൽ പരം പൂർവ്വവിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ കൂട്ടായ്മ , എൽ ബി എസ് കോളേജിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂർവവിദ്യാർത്ഥി സംഗമമായി മാറി. ‘ഫ്ലാഷ്ബാക്ക്’ എന്ന പേരിൽ, ഗ്രേപ്-വൈനിലെ ഹിൽട്ടൺ ഹോട്ടലിൽ വച്ചായിരുന്നു ഈ പുനഃ സമാഗമം.

തിരക്കുകൾക്കും പ്രാരാബ്ദ്ധങ്ങൾക്കും ഒരിടവേള കൊടുത്തു പഴയ സൗഹൃദങ്ങൾ പുതുക്കിയെടുക്കാനും, ജീവിതത്തിൽ ഓർത്തുവയ്ക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവർക്കും സമ്മാനിക്കാനും, പിന്നെയാ പഴയ പതിനെട്ടുകാരിയിലേക്കും പത്തൊൻപതുകാരനിലേക്കും അവരെയൊന്നു തിരിച്ചുനടത്തിക്കാനുമുള്ള, അബ്രാഹാം തോമസിൻറെ നിസ്വാർഥചിന്തയിൽ നിന്നാണ് ഫ്ലാഷ്ബാക്ക് പിറവിയെടുക്കുന്നത്.

പിന്നീട് ഭാരവാഹിത്വം (ഷാജിൻ ജോസഫ്, സുപ്രഭ ശേഖരൻ, സ്റ്റീഫൻ ജോൺസൺ, രമ്യ അനിൽകുമാർ, രശ്മി നാരായൺ, വിനോദ് നായർ, പ്രിയ ആൻ എബ്രഹാം), സർഗ്ഗാത്മകത (ബിനോയ് ജോസ്, രേഖ നായർ, ബ്രിഡ്ജറ്റ് ആൻ്റണി, ശിഖ പദ്മചന്ദ്രൻ, ജോജോ ജോസഫ്, രമാശങ്കർ, സുപ്രിയ പുരിട്ടിപ്പാട്ടി), ധനകാര്യം (രാമകൃഷ്ണൻ രവി) എന്നിങ്ങിനെ പല ഗ്രൂപ്പുകളായി വിഭജിച്ചു ഒരു ചെറിയ കാര്യം പോലും വിട്ടുപോകാതെ സസൂക്ഷ്‌മം തുന്നിച്ചേർത്തെടുത്തതായിരുന്നു  തണുത്ത ഒക്ടോബറിലെ, ചൂടാറാത്ത ഈ സുന്ദരവാരാന്ത്യം.

ഭൂതകാലക്കുളിരിൽ പൊതിഞ്ഞതായിരുന്നു ഓരോ പരിപാടികളും. ഓട്ടൻ തുള്ളലും ചാക്യാർ കൂത്തും മോണോ ആക്റ്റും കൂട്ടിക്കലർത്തി, അനിൽകുമാറിൻറെ നേതൃത്വത്തിൽ “അവിയലും സാമ്പാറും, പിന്നെ പുളിശ്ശേരിയും” യെന്ന പേരിൽ പഴയ കലാലയജീവിതത്തെ ഹാസ്യാത്മകമായി പുനരാവിഷ്കരിച്ചത് കാണികളിൽ പൊട്ടിച്ചിരിയുണർത്തി. ജോജോ ജോസഫും ജേക്കബ് തോമസും ചേർന്നവതരിപ്പിച്ച ക്യാമ്പസ് ഓർമ്മകളും അനുഭവങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള കഥാപ്രസംഗം, അരുൺ മോഹൻ, സുഹൈൽ ഈസ, മനോജ് തെക്കുംപുറത്ത്, അജിത്‌ നാരായണൻ, ജീന ജേക്കബ്, നിഷ കെ നായർ തുടങ്ങിയവരുടെ പാട്ടുകൾ തുടങ്ങിയവ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.

തൊണ്ണൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു രമാശങ്കർ സംഘടിപ്പിച്ച ഫാഷൻ ഷോ ഒരു കൗതുകമായി മാറി. വിവിധ ബാച്ചുകളിൽ നിന്നായി സുഹൃത്തുക്കൾ കൈകോർത്തു നടന്നപ്പോൾ ഫാഷൻ ലോകത്തെ കൂട്ടായ്മക്കു പുതിയ അർത്ഥവും മാനവും കൈവന്നു

“കൗബോയ് -കൗഗേൾ” വേഷത്തിലുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നു സംഗമത്തിൻറെ മറ്റൊരു ആകർഷണീയത. സുന്ദരമായ കുറെ നിമിഷങ്ങളെ അതിലും സുന്ദരമായി ക്യാമറകണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു അനശ്വരമാക്കിയ ദീപു മാത്യു, ഈ പുനഃസമാഗമത്തെ ഹൃദയത്താളുകളിൽ എന്നേക്കുമായി ഒട്ടിച്ചുവച്ചു. ബിഷപ്പ് സ്റ്റീഫൻ ജോൺ വട്ടപ്പറ കലാപരിപാടികളുടെ മേൽനോട്ടം ഭംഗിയാക്കിയപ്പോൾ, അവതാരകരായ ജോജോ പാലിശ്ശേരിയുടെയും രമ്യ അനിൽകുമാറിൻറെയും നർമ്മവും ആക്ഷേപഹാസ്യവും ഇടചേർന്ന വ്യത്യസ്തശൈലി ഹാളിൽ പലപ്പോഴും കൂട്ടച്ചിരിയുടെ അലകൾ സൃഷ്ടിച്ചു. എൽ ബി എസ് കോളേജിൻറെ സ്വകാര്യാഭിമാനമായ പ്രശസ്ത സിനിമ സംവിധായകൻ ജൂഡ് ആൻ്റണിയുടെ ആശംസകൾ ഏവർക്കും അതിശയം കലർന്ന സന്തോഷമായി. ഗോപകുമാർ ആച്ചത് എല്ലാവർക്കും വേണ്ടി നന്ദിയറിയിച്ചു.

‘ജീവിതത്തിലെ ഏറ്റവും മനോഹരമായ വാരാന്ത്യങ്ങളിലൊന്ന് ‘ എന്നു വീണ്ടും ആവർത്തിച്ചുകൊണ്ട് നിറഞ്ഞ ഹൃദയത്തോടെയാണ് എല്ലാവരും ഫ്ലാഷ് ബാക്കിൽ നിന്നു പതിവ് ജീവിതങ്ങളിലേക്ക് മടങ്ങിപോയത് – ‘വരും വർഷങ്ങളിൽ വീണ്ടും കാണാം, കാണണം’ എന്ന സുന്ദരവാഗ്ദാനവുമായി. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ടാഗ്‌ലൈനിൽ നിന്ന് ‘ഓർമ്മയുണ്ടാകും എന്നുമീ മുഖങ്ങൾ’ എന്നതിലേക്കുള്ള യാത്രയായിരുന്നു എൽ ബി എസ് കോളേജിൻറെ ഈ പുനഃ സമാഗമത്തിൻറെ മുഖമുദ്ര.

യാത്ര ചോദിച്ചു പടിയിറങ്ങുമ്പോൾ മനസ്സിൽ കോളേജ് ഓട്ടോഗ്രാഫിൽ ആരോ കുറിച്ചിട്ട വരികൾ മുഴങ്ങി.

“ദൂരദേശമാണ് വാസമെങ്കിലും സ്നേഹമെന്നതു നാസ്തിയാകുമോ?
സൂര്യനെത്ര അകലയാണെങ്കിലും സാരസങ്ങൾ വിടരാതിരിക്കുമോ?”

ഷാജിൻ , ബിനോയ് ജോസ് എന്നിവർ അറിയിച്ചതാണിത്.

Print Friendly, PDF & Email

Leave a Comment