സ്വര്‍ഗീയാനുഭൂതിയേകി ഫിലാഡല്‍ഫിയയില്‍ “കുട്ടി വിശുദ്ധ”രുടെ പരേഡും ഹോളിവീനും

ഫിലാഡല്‍ഫിയ: സ്വര്‍ഗ്ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുന്നതിനും, അവരുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാള്‍ സീറോമലബാര്‍ പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. ഒക്ടോബര്‍ 29 ഞായറാഴ്ച്ച ദിവ്യബലിക്കു മുമ്പായി ക്രമീകരിക്കപ്പെട്ട വിശുദ്ധരുടെ പരേഡ് മികവുറ്റതായിരുന്നു. വിശുദ്ധവേഷമിട്ട “കുട്ടിപ്പട്ടാളം” വിശുദ്ധപാത തീര്‍ത്ത് സ്വര്‍ഗത്തിലെ പുണ്യാത്മാക്കള്‍ക്കു വരവേല്‍പ്പു നല്‍കി.

നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം. സ്വര്‍ഗീയവിശുദ്ധരുടെ ഗണത്തില്‍ പേരുചേര്‍ക്കപ്പെടാന്‍ മാര്‍പാപ്പയോ, കര്‍ദ്ദിനാളോ, മെത്രാനോ, വൈദികനോ, കന്യാസ്ത്രീയോ, സന്യസ്തനോ ആകണമെന്നില്ല. ദൈവഹിതത്തിനനു സൃതമായി കുടുംബജീവിതം നയിക്കുന്ന ഏതൊരു വിശ്വാസിക്കും വിശുദ്ധ പദവിക്ക് അര്‍ഹതയുണ്ട്. അതിനുള്ള കൃപാവരം മാമ്മോദീസായിലൂടെ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്.

സീറോ മലബാര്‍ പള്ളി വികാരിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ചിക്കാഗോ സീറോമലബാര്‍ രൂപതാ പ്രോക്യുറേറ്റര്‍ റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കാര്‍മ്മികനായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്തരെയും അനുസ്മരിച്ചു് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

ദിവ്യബലിക്കുമുമ്പ് പ്രീകെ മുതല്‍ 12ാം ക്ലാസ് വരെയുള്ള 75 ല്‍ പരം മതബോധനസ്കൂള്‍ കുട്ടികളും, മതാധ്യാപകരും തങ്ങളുടെ പേരിനുകാരണമായതോ തങ്ങള്‍ക്കേറ്റം ഇഷ്ടപ്പെട്ടതോ ആയ വിശുദ്ധന്‍റെ /വിശുദ്ധയുടെ വേഷമണിഞ്ഞ് രണ്ടു വരികളിലായി ദിവ്യബലിയില്‍ സംബന്ധിക്കാനെത്തിയത് കാണികളില്‍ കൗതുകമുണര്‍ത്തി. വിശ്വാസപ്രഘോഷണത്തിനും, വിശ്വാസ സംരക്ഷണത്തിനുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക യുവതലമുറക്കു പ്രചോദനമാകണമെന്നു ദിവ്യബലിമദ്ധ്യേ നല്‍കിയ സന്ദേശത്തിലൂടെ ഫാ. കുര്യന്‍ യുവജനങ്ങളെ അനുസ്മരിപ്പിച്ചു.

ഇടവകയിലെ ലിറ്റില്‍ ഫ്ളവര്‍ മിഷന്‍ ലീഗും, ജീസസ് യൂത്തിന്‍റെ പ്രാദേശിക യൂണിറ്റും സംയുക്തമായി ഹോളിവീനും, സകല വിശുദ്ധരുടെയും തിരുനാളും ആഘോഷിച്ചു. പൈശാചികവേഷങ്ങളണിഞ്ഞു, വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന ഹാലോവീന്‍ വിപണന സംസ്കാരത്തിനൊരു നൂതന മാതൃകയാണു ഹോളിവീന്‍.

സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകരായ ഡോ. ബ്ലെസി മെതിക്കളം, മഞ്ജു ചാക്കോ, ജിറ്റി തോമസ്, സി. അല്‍ഫോന്‍സ, ഹൈസ്കൂള്‍ കുട്ടികള്‍ എന്നിവര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, മാതാപിതാക്കള്‍ എന്നിവരും വിശുദ്ധ പരേഡ് അണിയിച്ചൊരുക്കുന്നതില്‍ ഭാഗഭാക്കുകളായി. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു.

ഫോട്ടോ: ജോസ് തോമസ്

Print Friendly, PDF & Email

Leave a Comment