ദാമ്പത്യ പ്രശ്നം: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യയുടെ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് മരിച്ചത്. മരുമകന്‍ മാവടി സ്വദേശി ജോബിൻസാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെട്ടേറ്റ ടോമിയെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ ടിന്റുവിനെയും ജോബിന്‍സ്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്‌. ഗുരുതരമായി പരിക്കേറ്റ ടിന്റു ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. രാത്രി ടോമിയുടെ വീട്ടിലെത്തിയ പ്രതി, വീടിന്‌ ചുറ്റും നടന്ന്‌ ജനല്‍ ചില്ലുകള്‍ തകര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുറ്റത്ത്‌ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു.

തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന പ്രതി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ നാട്ടുകാർക്ക് അടുക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പോലീസിനു മുന്നിൽ പ്രതി ഒടുവിൽ കീഴടങ്ങി. കൊലപാതകം നടക്കുമ്പോൾ ടോമിയുടെ ഭാര്യയും പ്രതിയുടെ രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളാണ് അക്രമത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.

Print Friendly, PDF & Email

Leave a Comment

More News