നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് (61) എറണാകുളത്ത് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ്, കൊച്ചിൻ കലാഭവനിലെ പ്രമുഖനായിരുന്നു. കൂടാതെ, നിരവധി ജനപ്രിയ സിനിമകളിൽ പ്രധാന ഹാസ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഏകദേശം നൂറ്റമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫിന്‍റെ ജനനം. സ്‌കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് നാടക വേദികളിലും സജീവ സാന്നിധ്യമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലേക്ക് എത്തിക്കുന്നത്. ക്രമേണ കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി ഹനീഫ് മാറി.

സെയിൽസ്‌മാനായി ജോലി നോക്കവെയാണ് മിമിക്രി കലാവേദിയിലേക്ക് ഹനീഫ് കടന്നുവരുന്നത്. ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവയ്‌ക്കുന്നത് 1990ല്‍ പുറത്തിറങ്ങിയ ‘ചെപ്പുകിലുക്കണ ചങ്ങാതി’ എന്ന സിനിമയിലൂടെയാണ്. ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’, ‘ഈ പറക്കും തളിക’, ‘കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ’, ‘ദൃശ്യം’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ഉസ്‌താദ് ഹോട്ടൽ’, ‘2018’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു.

ഈ വർഷം പുറത്തിറങ്ങിയ ‘ജലധാര പമ്പ് സെറ്റ്’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. മലയാള ടെലിവിഷൻ മേഖലയിലും നിരവധി സംഭാവനകൾ നൽകിയാണ് പ്രിയ കലാകാരന്‍റെ മടക്കം.

അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ജലധര പമ്പ്സെറ്റ്’ ഈ വർഷം ആദ്യം പുറത്തിറങ്ങി.

 

Print Friendly, PDF & Email

Leave a Comment