സുരേഷ് ഗോപിക്ക് പിന്തുണയുമായി ആരാധകവൃന്ദം നടക്കാവ് പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി; പ്രത്യേക റെക്കോഡിംഗ് ഉപകരണ സം‌വിധാനങ്ങളോടെ പോലീസിന്റെ ചോദ്യം ചെയ്യല്‍

കോഴിക്കോട് : മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വലിയൊരു ജനക്കൂട്ടം തന്നെ അദ്ദേഹത്തിന് പിന്തുണ നൽകാൻ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയത് പോലീസിന് വെല്ലുവിളിയായി.

ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ വിട്ടയച്ചു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ അദ്ദേഹം അഭിസംബോധന ചെയ്തു, സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.

ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തിന്റെ ചെറിയ ചലനങ്ങളും മുഖഭാവങ്ങളും പോലും പകർത്താന്‍ പ്രത്യേക റെക്കോർഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച മുറിയിലായിരുന്നു ചോദ്യം ചെയ്യൽ.

നടന് പിന്തുണയുമായി സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രൻ, തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷന് പുറത്ത് എത്തിയിരുന്നു.

കഴിഞ്ഞ മാസം 27ന് സുരേഷ് ഗോപിക്കെതിരെ വനിതാ മാധ്യമപ്രവർത്തക പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തോളിൽ മോശമായി സ്പർശിച്ചതായി മാധ്യമ പ്രവർത്തക പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. തുടർന്ന്, ഔദ്യോഗിക പരാതികൾ വരുന്നതിന് മുമ്പ് തന്നെ മാധ്യമ പ്രവർത്തകയുടെ പ്രതികരണം അംഗീകരിച്ച് സുരേഷ് ഗോപി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News