ശക്തമായ മഴ; പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു; മലയോരമേഖകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

പത്തനം‌തിട്ട: പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് (നവംബർ 22) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്നതിനാൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍ , ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള യാത്രകൾ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നവംബർ 24 ാം തീയതി വരെ നിരോധിച്ചിരിക്കുകയാണ്. ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍, ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാകളക്ടർ അറിയിച്ചു.

അതിനിടെ, നാരങ്ങാനം വലിയകുളത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സുധർമ്മ (71) എന്ന സ്ത്രീയെ ഒഴുക്കിൽപ്പെട്ട് കാണാതായി. . ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ഇവരെ കണ്ടത്താനുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ വലിയകുളം – ചണ്ണമാങ്കൽ – ചെറുകോൽ ഭാഗത്തു കൂടി ഒഴുകുന്ന തോട്ടിലൂടെ പമ്പയാറിൽ എത്താൻ സാധ്യതയുണ്ടെന്നും, തോടിന്‍റെ കരയിൽ താമസിക്കുന്നവര്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും ആറന്മുള പൊലീസ് അറിയിച്ചു.

ഇലന്തൂർ വില്ലേജിൽ നാലാം വാർഡിൽ കൊട്ടതട്ടി മലയുടെ ചരിവില്‍ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന 4 വീട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറി. പത്തനംതിട്ട നഗരത്തിലെ റോഡുകളിലും കടകളിലും വെള്ളം കയറി. റാന്നി അരയാഞ്ഞിലിമൺ ക്രോസ് വേ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കലഞ്ഞൂർ വില്ലേജിന്‍റെ പരിധിയിലുള്ള കുറ്റുമൺ പ്രദേശത്ത് 7 വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും അയൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു. കലഞ്ഞൂരില്‍ തന്നെ മണ്ണിൽ ഭാഗത്തെ ഒരു വീട്ടിലും വെള്ളം കയറിയിട്ടുണ്ട്.

ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ കളക്‌ടറുമായി ചര്‍ച്ച ചെയ്‌ത്‌ സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു പറഞ്ഞ വീണാ ജോർജ് കൃഷി മന്ത്രി പി പ്രസാദിനോട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ കൃഷി നാശം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News