അമേരിക്കയിൽ ജനിച്ച ഡോക്ടർക്ക് 61 വർഷത്തിന് ശേഷം പൗരത്വം നഷ്ടമായി

വാഷിംഗ്ടണ്‍: വടക്കൻ വിർജീനിയയിൽ നിന്നുള്ള 62 കാരനായ സിയാവാഷ് ശോഭാനിക്ക് 61 വര്‍ഷത്തിനു ശേഷം തന്റെ യു എസ് പൗരത്വം നഷ്ടപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ യു എസ് പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് യു എസ് പൗരത്വം റദ്ദാക്കിയതായ വിവരം അറിഞ്ഞതും അദ്ദേഹം ഞെട്ടിയതും! അമേരിക്കയില്‍ ജനിച്ച്, അമേരിക്കയില്‍ തന്നെ പഠിച്ച്, 30 വർഷത്തിലേറെയായി ഡോക്ടറായി സേവനം ചെയ്യുന്ന ഡോക്ടര്‍ക്കാണ് ഈ ദുര്‍ഗതി വന്നു ഭവിച്ചിരിക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ തെറ്റായി യു.എസ് പൗരത്വം ലഭിച്ചു എന്നറിഞ്ഞത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഈ മാസം 62-ാം ജന്മദിനം ആഘോഷിച്ച സിയാവാഷ് സോഭാനി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ സിയാവാസ് ശോഭാനി പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയ കാര്യം അറിയുന്നത്. മുമ്പ് പലതവണ തന്റെ പാസ്‌പോർട്ട് വിജയകരമായി പുതുക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിലുടനീളം പാസ്‌പോർട്ട് പുതുക്കുമ്പോഴെല്ലാം താൻ അമേരിക്കൻ പൗരനാണെന്നതിന്റെ തെളിവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്രജ്ഞരായ മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് യു എസ് പൗരത്വം നേടാൻ കഴിയില്ലെന്ന് അറിയിച്ച് ശോഭാനിക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു കത്ത് ലഭിച്ചുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. അമേരിക്കയില്‍ ജനിച്ച ഒരു കുഞ്ഞ് എന്ന നിലയിലാണ് അബദ്ധവശാല്‍ അമേരിക്കൻ പൗരത്വം ലഭിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടറെ അറിയിക്കുകയും, നിയമാനുസൃതമായ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

“എന്നെ ഞെട്ടിച്ച ഒരു സംഭവമാണിതെന്ന്” ശോഭാനി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. “ഞാനൊരു ഡോക്ടറാണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇവിടെ ഉണ്ടായിരുന്നു. ഞാൻ എന്റെ നികുതി അടച്ചു. ഞാൻ പ്രസിഡന്റുമാർക്ക് വോട്ട് ചെയ്തിട്ടുണ്ട്. വടക്കൻ വെർജീനിയയിലെ എന്റെ കമ്മ്യൂണിറ്റിയിൽ ഞാൻ സേവനം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് എന്നെത്തന്നെ അപകടത്തിലാക്കി ഞാൻ ജോലി ചെയ്തു, എന്റെ കുടുംബത്തെ അപകടത്തിലാക്കി. 61 വർഷത്തിന് ശേഷം നിങ്ങളോട് ‘അയ്യോ ഒരു തെറ്റ് സംഭവിച്ചു, നിങ്ങൾ ഇപ്പോൾ ഒരു യുഎസ് പൗരനല്ല’ എന്ന് പറയുമ്പോൾ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതുതന്നെയാണ് എനിക്കും സംഭവിച്ചത്, അത് എന്നെ ശരിക്കും ഞെട്ടിച്ചു,” അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ് പ്രകാരം, സിയാവാഷ് ശോഭാനിയുടെ പിതാവ് ഒരു ഇറാനിയൻ നയതന്ത്രജ്ഞനായിരുന്നു. അതിനാൽ, ഒരു ഡിപ്ലോമാറ്റിന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടി (കള്‍) ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ പാടില്ലായിരുന്നു. നയതന്ത്ര പരിരക്ഷ ആസ്വദിക്കുന്ന ഡിപ്ലോമാറ്റുകള്‍ക്ക് രാജ്യത്ത് ജനിക്കുന്ന കുട്ടികൾ സ്വയമേവ യുഎസിലെ പൗരന്മാരാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശോഭാനി പറയുന്നു.

ലീഗൽ ഫീസായി അദ്ദേഹം 40,000 ഡോളറോളം ഇതിനോടകം ചെലവഴിച്ചു. എന്നാൽ, പണമല്ല അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. ഒരു രാജ്യത്തെ പൗരനെന്ന നിലയിൽ യാത്ര ചെയ്യാൻ കഴിയാത്തതാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനായി കാത്തിരിക്കുകയാണ് ശോഭാനി. 62 കാരനായ ഡോക്ടർ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും, അദ്ദേഹവും ഭാര്യയും ഈ വർഷം പല രാജ്യങ്ങളിലും യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതായും പറയുന്നു. ലെബനനിൽ താമസിക്കുന്ന അസുഖബാധിതനായ ഭാര്യാപിതാവിനെ കാണാൻ പോലും ഇപ്പോൾ കഴിയുന്നില്ല.

2023 ഫെബ്രുവരി വരെ ഈ പ്രത്യേക പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ല. ജൂലൈയിൽ കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി, ജൂണിൽ കാലഹരണപ്പെടാനിരുന്ന പാസ്‌പോർട്ട് പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം ശോഭാനി അറിയുന്നതു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ ഉപയോഗിച്ച്, താൻ ഇതിനകം പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും, നിയമപരമായ ഫീസായി 40,000 ഡോളർ അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ ഭാവി എന്തായിരിക്കുമെന്ന് അദ്ദേഹത്തിന് ഇപ്പോഴും ഉറപ്പില്ല.

Print Friendly, PDF & Email

Leave a Comment