ലാൽദുഹോമ മിസോറാമിന്റെ പുതിയ മുഖ്യമന്ത്രിയാകും; എം‌എൽ‌എമാരുമായി കൂടിക്കാഴ്ച നടത്തി

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ സോറാം പീപ്പിൾസ് മൂവ്‌മെന്റ് വൻ വിജയം നേടിയതിന്റെ അടിസ്ഥാനത്തില്‍ മിസോറാം മുഖ്യമന്ത്രിയായി ലാൽദുഹോമ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മിസോറാം രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ലാൽദുഹോമ
ഇന്ന് (ബുധനാഴ്ച) ഗവർണർ ഹരി ബാബു കമ്പംപതിയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു.

വെള്ളിയാഴ്ച രാവിലെ 11ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലാൽദുഹോമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40ൽ 27 സീറ്റും നേടിയ സോറാം പീപ്പിൾസ് മൂവ്‌മെന്റ് വിജയിച്ചിരുന്നു.

ഐപിഎസ് ഓഫീസറായിരുന്ന അദ്ദേഹം, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്നു. മെട്രിക്കുലേഷനുശേഷം അദ്ദേഹം ഗുവാഹത്തി സർവകലാശാലയിൽ നിന്ന് ഉന്നത ബിരുദം നേടി.

ചൊവ്വാഴ്ച വൈകുന്നേരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി എം‌എൽ‌എമാരുമായി ലാൽ‌ദുഹോമ കൂടിക്കാഴ്ച നടത്തിയെന്നും, മന്ത്രിമാരുടെ സമിതി രൂപീകരണത്തെക്കുറിച്ചും വകുപ്പുകളുടെ വിഭജനത്തെക്കുറിച്ചും ചർച്ച ചെയ്തതായും സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് പറഞ്ഞു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ മിസോ നാഷണൽ ഫ്രണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. മിസോ നാഷണൽ ഫ്രണ്ടിന് 10 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം, ബിജെപിക്ക് രണ്ട് സീറ്റിലും കോൺഗ്രസിന് ഒരു സീറ്റിലും തൃപ്തിപ്പെടേണ്ടി വന്നു.

Print Friendly, PDF & Email

Leave a Comment

More News