നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചതിൽ വസ്തുതാന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ആക്‌സസ് ചെയ്‌തുവെന്ന ആരോപണത്തിൽ വസ്തുതാന്വേഷണം നടത്താൻ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയോട് കേരള ഹൈക്കോടതി ഇന്ന് (ഡിസംബർ 7 വ്യാഴം) ഉത്തരവിട്ടു.

ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ സെഷൻസ് കോടതിയോട് ജസ്റ്റിസ് കെ.ബാബു നിർദേശിച്ചു. സെഷൻസ് ജഡ്ജിക്ക് അന്വേഷണം നടത്താൻ പൊലീസ് ഉൾപ്പെടെ ഏത് ഏജൻസിയുടെയും സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിൽ എന്തെങ്കിലും കുറ്റം കണ്ടെത്തിയാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള വകുപ്പുകൾ പ്രകാരം സെഷൻസ് ജഡ്ജിക്ക് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.

പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും അഡീഷണൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി കൈക്കലാക്കിയെന്നാരോപിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഇര സമർപ്പിച്ച ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.

ലൈംഗികാതിക്രമത്തിന്റെ വീഡിയോകൾ അടങ്ങിയ മെമ്മറി കാർഡ് ഒരു സുപ്രധാന തെളിവായിരുന്നുവെന്ന് അവർ പറയുന്നു. കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ മാറ്റം വരുത്തിയതെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു.

മെമ്മറി കാർഡ് മൂന്ന് തവണ ആക്സസ് ചെയ്തു. അതിനാല്‍ കേസെടുത്ത് അന്വേഷണം നടത്തി അനധികൃതമായി ആക്സസ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആരെങ്കിലും വീഡിയോകൾ അനധികൃതമായി ആക്‌സസ് ചെയ്യുകയും പുറത്തെടുക്കുകയും അവ കാണുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, ഹരജിക്കാരിയുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടു. ഹരജിക്കാരിയുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം കോടതി സംരക്ഷിക്കുകയും അതിലേക്ക് കടന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.

ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സൂക്ഷിക്കുന്നതിലും കോടതി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കണം. ആവശ്യമെങ്കിൽ ഇത്തരം തൊണ്ടി മുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ ലോക്കറിലാക്കി സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കുന്നതിനൊപ്പം അത് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കോടതിയുടെ പക്കലുള്ള തെളിവുകൾ പരിശോധിക്കണമെങ്കിൽ പ്രത്യേക ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കി.

2018 ജനുവരി 9 നും ഡിസംബർ 13 നും നടത്തിയ പരിശോധനയിലാണ് ആദ്യം ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. തുടര്‍ന്ന് 2021 ജൂലൈയിലും പരിശോധന നടത്തി. ഇതോടെ ഹാഷ് വാല്യൂ വീണ്ടും മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഹാഷ് വാല്യൂ മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടികാട്ടിയാണ് നടിയുടെ ഹർജി. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം കേസ് നീട്ടികൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് പറയുന്നു. എന്നാല്‍, എന്തിനാണ് നടിയുടെ ആവശ്യത്തെ എതിര്‍ക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. ഇതില്‍ ദിലീപിന് മാത്രമാണ് പരാതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News