പാരീസിലെ റിറ്റ്‌സ് ഹോട്ടലിലെ വാക്വം ക്ലീനർ ബാഗിൽ 750,000 യൂറോയുടെ മോതിരം കണ്ടെത്തി

പാരീസ്, ഫ്രാൻസ്: പാരീസിലെ ആഡംബര റിറ്റ്‌സ് ഹോട്ടലിൽ നിന്ന് കാണാതായ 750,000 യൂറോ (807,000 ഡോളർ) വിലമതിക്കുന്ന ഡയമണ്ട്സ് മോതിരം വാക്വം ക്ലീനറിൽ നിന്ന് കണ്ടെത്തി.

വെള്ളിയാഴ്ചയാണ് മോതിരം കാണാതായത്. ഹോട്ടൽ ജീവനക്കാരായിരിക്കും അത് മോഷ്ടിച്ചതെന്ന് ഉടമ സംശയിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും അവര്‍ മോഷണം നിഷേധിച്ചു. തുടര്‍ന്ന് വിശദമായ തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച വാക്വം ക്ലീനർ ബാഗിൽ മോതിരം കണ്ടെത്തിയതെന്ന് റിറ്റ്സ് അധികൃതര്‍ പറഞ്ഞു.

സുരക്ഷാ ഗാർഡുകൾ നടത്തിയ സൂക്ഷ്മമായ തിരച്ചിലിനൊടുവില്‍ മോതിരം കണ്ടെത്തിയതായി ഹോട്ടൽ മാനേജ്മെന്റ് മാധ്യമങ്ങളോടു പറഞ്ഞു. കളഞ്ഞുപോയ മോതിരം കണ്ടുകിട്ടിയതില്‍ ഞങ്ങളുടെ ‘ക്ലയന്റ്’ സന്തുഷ്ടി പ്രകടിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

മലേഷ്യൻ ബിസിനസുകാരിയായ ഉടമ വെള്ളിയാഴ്ച തന്റെ മുറിയിലെ മേശപ്പുറത്ത് വച്ചിരുന്ന മോതിരം കാണാതായ വിവരം ഹോട്ടല്‍ അധികൃതരേയും പോലീസിനെയും അറിയിച്ചിരുന്നു.

ബിസിനസ് ആവശ്യാര്‍ത്ഥം അവര്‍ ശനിയാഴ്ച പാരീസിൽ നിന്ന് ലണ്ടനിലേക്ക് പോയി. മോതിരം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞ അവര്‍ അത് വീണ്ടെടുക്കാൻ പാരീസിലേക്ക് തിരിച്ചു വരുമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം, നഷ്ടപരിഹാരമായി റിറ്റ്‌സ് അവര്‍ക്ക് മൂന്ന് രാത്രി സൗജന്യ താമസം വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ ഈ ഓഫർ അവര്‍ നിരസിച്ചതായും ഹോട്ടല്‍ മാനേജ്മെന്റ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News