കേരള അസോസിയേഷൻ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ്; ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടൽ: പ്രദീപ് നാഗനൂലിൽ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 2024-25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ വരുന്ന 16-ാം തീയതി നടക്കുകയാണ്. ഞാനും എന്റെ പാനലിലുള്ള എല്ലാവരും ഇതിനോടകം തന്നെ നിങ്ങളുമായി, ഒരുപക്ഷേ പല തവണ ബന്ധപ്പെട്ട് വോട്ടുകൾ അഭ്യർത്ഥിച്ചിട്ടുള്ളതാണല്ലോ? ഞങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളെ എല്ലാവരെയും നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിക്കാൻ ശ്രമിച്ചിട്ടുള്ളതുമാണ്. എന്നിരുന്നാലും, സമയ പരിധി മൂലം അത് യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ഈ അഭ്യര്‍ത്ഥന നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്!

നിങ്ങൾക്കെല്ലാവരും അറിയാവുന്നതുപോലെ, 1976 മുതൽ നല്ല നിലയിൽ ജനാധിപത്യപരമായി പ്രവർത്തിച്ചുവന്നിരുന്ന നമ്മുടെ അസോസിയേഷൻ, കഴിഞ്ഞ കുറെ വർഷങ്ങളായി തികച്ചും ഏകാധിപത്യപരമായിട്ടണ് മുന്‍പോട്ടു പോകുന്നതെന്ന വിവരം അരമന രഹസ്യം പോലെ ഇന്ന് അങ്ങാടി പാട്ടാണ് ! നഗ്നസത്യങ്ങൾ കൈപ്പേറിയതാണ്, എന്നാലും, രാജാവ് നഗ്‌നനാണ് എന്ന സത്യം ഇനിയും ഒളിപ്പിച്ചു വച്ചിട്ട് കാര്യം ഇല്ല.

അതുകൊണ്ടുതന്നെ ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. നിങ്ങൾക്കറിയാവുന്നതുപോലെ ഏതാനും ചില പിന്തിരിപ്പൻ ശക്തികൾ ഏകാധിപത്യ മനോഭാവത്തോടെ, അവരുടെ മാത്രം ഒരു സംഘടന എന്ന രീതിയിലാണ് ഇപ്പോൾ ഇത് കൊണ്ടുനടക്കുന്നത്. കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പാർട്ടിയുടെ ‘ഇസ’ ത്തിൽ വിശ്വസിക്കുന്ന, ആ പ്രത്യയശാസ്ത്രത്തോട് ചേർന്ന് നിൽക്കുന്ന, പൊതുജന അഭിപ്രായത്തിനു യാതൊരുവിധ വിലയും കൽപ്പിക്കാത്ത, ഏതാനും കൂട്ടാളികൾ ആണ് ഇന്ന് അസോസിയേഷന്റെ ഭാരവാഹികളും നടത്തിപ്പുകാരും. അസോസിയേഷന്റെ ഇന്നത്തെ ഈ ശോചനീയ അവസ്ഥയ്ക്ക് പൂർണ്ണമായും ഉത്തരവാദികൾ ഇവർ തന്നെയാണെന്ന് പറയാതെ അറിയാമല്ലോ? മറുപക്ഷത്തുള്ള മത്സരാർത്ഥികൾ ബഹുഭുരിപക്ഷവും ഈ ‘ഇസ’ ത്തോട് ചേർന്ന് പോകുന്നവരോ വിശ്വസിക്കുന്നവരോ ആണ്.

ആയിരത്തിൽപരം കുടുംബാംഗങ്ങൾ ഉള്ള അസോസിയേഷന് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഒരു സമിതി ഉണ്ടാക്കുകയായിരുന്നുവെങ്കിൽ ഈ മത്സരം പോലും ഒഴിവാക്കാമായിരുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നടപ്പ് കമ്മറ്റിക്കാർ അസോസിയേഷനോടുള്ള സാമാന്യ ഉത്തരവാദിത്വം പോലും ചെയ്തു തീർത്തിട്ടില്ല എന്ന സത്യം വോട്ടർമാരെ ഓർമിപ്പിക്കുകയാണ്. അസോസിയേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിന് ഇതുവരെ ഒരു ചെയർമാൻ പോലും ഇല്ല എന്നറിയുമ്പോൾ ഏകാധിപത്യ പ്രവണതയുടെ കാഠിന്യത എത്ര മാത്രമുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അർദ്ധവാർഷിക ജനറൽ ബോഡി, പ്രസന്റേഷൻ ഓഫ് അക്കൗണ്ട്, ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗ് അങ്ങനെ പലതും ഈ കഴിഞ്ഞ കാലങ്ങളിൽ നടക്കപ്പെടാതെ പോയ ഏതാനും ചില കാര്യങ്ങൾ മാത്രമാണ്.

പക്ഷേ, ഏകാധിപത്യ പ്രവണത കൈമുതലാക്കിയ ഈ കോക്കസ്, അങ്ങനെ ചെയ്താൽ തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്താൽ, തങ്ങളുടെ ആശ്രിതവത്സലന്മാരെ തന്നെ വീണ്ടും രംഗത്തിറക്കിയ സാഹചര്യത്തിലാണ് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നിങ്ങളെപ്പോലെയുള്ളവരുടെ നിർബന്ധത്താലും, പിൻബലത്താലും ഞാനും എന്റെ പാനലും മത്സരത്തിലേക്ക് കടന്നത്.

അതിൽ തന്നെ ആശ്ചര്യജനകമായ സാങ്കേതികത്വം പറഞ്ഞ് ഏകദേശം അഞ്ചോളം നോമിനേഷനുകൾ ഞങ്ങളുടെ പാനലിൽ നിന്ന് തള്ളിക്കളയുണ്ടായി. നോമിനേഷനുകൾ തള്ളിയ വിവരം ഇന്ന് ഈ നിമിഷം വരെ തിരഞ്ഞെടുപ്പു ഭാരവാഹികൾ രേഖാമൂലം അറിയിച്ചിട്ടില്ല. ഔദ്യോഗിക മിഷനറിയുടെ നല്ല ഫലം പറ്റിയാണ് അവർ മുന്നോട്ടുപോകുന്നത്. അങ്ങനെ, നിന്ദ്യവും തിക്തവും, നിസ്സഹരണപരവുമായ പല വൈതരണികളും കടന്നുവന്നാണു ഞങ്ങൾ നിങ്ങളുടെ മുമ്പിൽ മനഃസാക്ഷി വോട്ടിനായി സമീപിക്കുന്നത്

ഈ സാഹചര്യത്തിൽ ശനിയാഴ്ച (ഡിസംബർ 16 ന്) രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്ന വോട്ടിങ്ങിൽ ജനാധിപത്യ വിശ്വസികളായ നിങളുടെ വിലയേറിയ വോട്ടുകൾ എനിക്കും, എന്റെ സമിതിക്കും നൽകി ഞങളെ വിജയിപ്പിക്കണമെന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News