വെരി റവ. ഡോക്ടര്‍ പി.എസ്‌. സാമുവല്‍ കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ അമേരിക്കന്‍ സമൂഹം അനുശോചിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും സമൂഹത്തിലെ വിവിധ തുറകളില്‍ നിറസാന്നിധ്യവും ആയിരുന്ന ഡോക്ടര്‍ പി.എസ്‌. സാമുവല്‍ കോര്‍ എപ്പിസ്കോപ്പയുടെ നിര്യാണത്തില്‍ അനുസ്മരണ പ്രാര്‍ത്ഥനയും സമ്മേളനവും നടത്തപ്പെട്ടു. ഡിസംബര്‍ 13 ബുധനാഴ്ച വൈകിട്ട്‌ 6.30ന്‌ ചെറി ലൈന്‍ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വച്ച്‌ നടന്ന ശുശ്രൂഷയിലും സമ്മേളനത്തിലും നോര്‍ത്തീസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കോളോവോസ്‌ നേതൃത്വം വഹിച്ചു.

ഏതൊരു കാര്യത്തിലും നിശ്ചയദാര്‍ഢ്യത്തോടെ നിലപാടുകളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ച് വിജയം കൈവരിക്കുന്ന
പ്രകൃതക്കാരനായിരുന്നു അഭിവന്ദ്യ കോറോപ്പിസ്കോപ്പ എന്നും, താന്‍ ഉണ്ടാകുന്നതിന്‌ മുമ്പ്‌ തന്നെ തന്റെ മാതാപിതാക്കളുമായി ചങ്ങാത്തം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം എന്നും തന്റെ പ്രസംഗത്തില്‍ അഭിവന്ദ്യ തിരുമേനി അനുസ്മരിച്ചു. അച്ചന്‍, സഭയുടെ മാനേജിംഗ്‌ കമ്മിറ്റി അംഗം, ഭദ്രാസന കൌണ്‍സില്‍ അംഗം, സഭയുടെ എം. ജി. ഒ. സി. എസ്‌. എം. സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച്‌ തന്റെ മികവു തെളിയിച്ച ആളായിരുന്നു എന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഭദ്രാസനത്തിനും പിന്നീട്‌ നോര്‍ത്തീസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിനും സ്വന്തമായ ഒരു ആസ്ഥാനം ഉണ്ടാക്കുന്നതിന്‌ ഏറ്റവും മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ച ആളായിരുന്നു സാമുവല്‍ അച്ചന്‍. അദ്ദേഹത്തിന്‍റെ ധൈര്യവും, സ്ഥൈര്യവും സഹപ്രവര്‍ത്തകര്‍ക്കും, വിശ്വാസികള്‍ക്കും എന്നും ഈര്‍ജ്ജം ആയിരുന്നു എന്ന്‌ ജാക്സണ്‍ ഹൈറ്റ്സ്‌ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി ഫാദര്‍ ജോണ്‍ തോമസ്‌ പ്രസ്താവിച്ചു. വസ്തുവകകള്‍ വാങ്ങുന്നത്‌ അച്ചന്‌ എന്നും ഹരമായിരുന്നു എന്നും അത്‌ പലതും സഭയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്‌ എന്നും ജോണ്‍ തോമസ്‌ അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലം സെന്‍റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചെറി ലൈന്‍ ദേവാലയത്തിന്റെ വികാരിയായിരിക്കുകയും സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാക്കാനും കഴിഞ്ഞു എന്നതിലുപരി, അനേകം യുവജനങ്ങളെ ആരാധന ശുശ്രൂഷകളിലേക്ക്‌ ആകര്‍ഷിക്കാനും, ഉള്‍പ്പെടുത്താനും സാമുവല്‍ അച്ചന്‌ കഴിഞ്ഞു. അവരുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഉതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്ടരിക്കാന്‍ പ്രതിജ്ഞാബദ്ധനുമായിരുന്നു അച്ചന്‍ എന്നും താന്‍ അസിസ്റ്റന്‍റ്‌ വികാരി ആയിരിക്കുമ്പോള്‍ മാത്രമല്ല, തുടര്‍ന്ന്‌ വികാരി ആയപ്പോഴും അച്ചന്‍റെ അറിവും പരിചയസമ്പത്തും പകര്‍ന്നെടുക്കുന്നതിന്‌ കഴിഞ്ഞത്‌ അതീവ
ചാരിതാര്‍ത്ഥ്യത്തോടെ സൂരിക്കുന്നതായി ചെറി ലൈന്‍ പള്ളി വികാരി ഫാദര്‍ ഗ്രിഗറി വര്‍ഗീസ്‌ പ്രസ്താവിച്ചു. സാമുവല്‍ അച്ചന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അനന്തരഫലമാണ്‌ ചെറി ലൈന്‍ ഇടവകക്കുണ്ടായിട്ടുള്ള വളര്‍ച്ച എന്ന്‌ ഗ്രിഗറി അച്ചന്‍ നന്ദിയോടെ സൂരിക്കുകയുണ്ടായി.

മെഴുവേലി പെരുംകുന്നില്‍ കുടുംബവീട്ടില്‍ വിശ്രമ ജീവിതം നയിച്ചു വന്ന അഭിവന്ദ്യ പി.എസ്‌. സാമുവല്‍ അച്ചന്റെ നിര്യാണം ഇന്ത്യന്‍ സമയം ഡിസംബര്‍ 13, 4:00 മണിക്കായിരുന്നു.

ശവസംസ്കാര ശുശ്രൂഷകള്‍ താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു:

ഡിസംബര്‍ 17, ഞായര്‍ 3 മണിക്ക്‌ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലില്‍ പ്രാരംഭ ശുശ്രൂഷകള്‍ നടക്കും. നാലു മണിക്ക്‌ ഹോസ്പിറ്റലില്‍ നിന്ന്‌ പുത്തന്‍കാവ്‌ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ കൊണ്ടുപോകും. അവിടുത്തെ ശുശ്രൂഷകള്‍ക്ക്‌ ശേഷം അച്ചന്‍റെ ഭവനത്തില്‍ എത്തിച്ചേരും.

ഡിസംബര്‍ 18, തിങ്കള്‍ വൈകിട്ട്‌ മൂന്ന്‌ മണിക്ക്‌ മെഴുവേലി ഹോളി ഇന്നസെന്‍റ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ വച്ച്‌ പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകളുടെ അവസാനഭാഗവും വിടപറയല്‍ ശുശ്രൂഷയും നടക്കും.

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയിലും മറ്റിതര മേഖലകളിലും തനതായ പ്രവര്‍ത്തന ശൈലി കൊണ്ട്‌ വ്യക്തിമുദ്ര പതിപ്പിച്ച പി. എസ്‌. സാമുവല്‍ അച്ചന്‍റെ ജനനം 1927 ഫെബ്രുവരി 27ന്‌ പത്തനംതിട്ടയില്‍ മെഴുവേലി പെരുംകുന്നില്‍ കുടുംബത്തില്‍ ആയിരുന്നു. ചെറിയാന്‍ ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച സാമുവല്‍, പിന്നീട്‌ അറിയപ്പെടുന്ന ഗവേഷകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, ആത്മീയ ഗുരു, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ചു. മെഴുവേലി പ്രൈമറി സ്കൂള്‍, പി ഇ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം, ചങ്ങനാശ്ശേരി സെന്റ്‌ ബര്‍ഗ്മെന്റ് കോളേജില്‍ ഇന്റര്‍മീഡിയറ്റ്‌, മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന്‌ ബി എസ് സി, ന്യൂയോര്‍ക്ക്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ തിയോളജിയില്‍ മാസ്റ്റേഴ്സ്‌, ന്യൂയോര്‍ക്ക്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ ബയോളജിയില്‍ മാസ്റ്റേഴ്സ്‌ ഇവ നേടി. 1954 ല്‍ ആയിരുന്നു സാമുവല്‍ അച്ചന്‍ ആദ്യമായി ഉപരിപഠനാര്‍ത്ഥം അമേരിക്കയില്‍ എത്തിയത്‌. തന്റെ 75-ാമത്തെ വയസ്സില്‍ ആണ്‌ അച്ചന്‍ സെന്റ്‌ വ്ലാദിമിർ സെമിനാരിയില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റ്‌ എടുത്തത്‌. പഠന കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന അച്ചന്‍, വിദ്യാഭ്യാസരംഗത്തെയും വിദ്യാര്‍ത്ഥികളെയും അമിതമായി സ്നേഹിച്ചിരുന്നു എന്നത്‌ യാദൃശ്ചികം അല്ല. വിദ്യ അഭ്യസിക്കുന്നതില്‍ എന്നപോലെ വിദ്യ അഭ്യസിപ്പിക്കുന്നതിലും അച്ചന്‍ മികവ്‌ തെളിയിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ്‌ ഹൈസ്കൂള്‍, കിഴവള്ളൂര്‍ സെന്റ്‌ ജോര്‍ജ്‌ മിഡില്‍ സ്കൂള്‍, പത്തനംതിട്ട മെട്രോപോളിറ്റന്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. കൂടാതെ, 1956-57 കാലഘട്ടത്തില്‍ കോട്ടയം ഓര്‍ത്തഡോക്സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും, 1957-60 കാലഘട്ടത്തില്‍ കാതോലിക്കേറ്റ്‌ കോളജില്‍ ലക്ചററായും, ബയോളജി ഡിപ്പാര്‍ട്ട്മെന്‍റ്‌ മേധാവിയായും പ്രവര്‍ത്തിച്ചു. പിന്നീട്‌ 1960ല്‍ നൈജീരിയയിലേക്ക്‌ കുടിയേറിയ അച്ചന്‍ ഇബാഡം ഗ്രാമര്‍ സ്കൂളില്‍ സീനിയര്‍ സയന്‍സ്‌ മാസ്റ്റര്‍ ആയി തുടങ്ങി, ഇബാഡം യൂണിവേ്റിറ്റിയിലെ ബയോളജി പ്രൊഫസറും, ഫാക്കല്‍റ്റി ചെയര്‍മാനും ഒക്കെയായി തീര്‍ന്നു. അച്ചന്‍റെ നൈജീരിയയിലെ 25 വര്‍ഷത്തെ സജീവ പ്രവര്‍ത്തനകാലത്ത്‌ തന്നെ ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ സമയത്ത്‌ ഓക്‌സ്ഫോര്‍ഡ്, മാക്‌മില്ലന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ വേണ്ടി 50 ലേറെ ടെക്സ്റ്റ്‌ ബുക്കുകള്‍ തയ്യാറാക്കി. ഇതില്‍ നിന്നും റോയല്‍റ്റിയായി നല്ലൊരു തുക അച്ചന് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു.

അച്ചന്‍ ഡാനിയേല്‍ മാര്‍ പീലക്സ്സീനോസ്‌ മെത്രാപ്പോലീത്തായില്‍ നിന്നും 1954ല്‍ ശമ്മാശ പട്ടവും, പരിശുദ്ധ ഗീവര്‍ഗീസ്‌ കാതോലിക്കാ ബാവായില്‍ നിന്ന്‌ 1963ല്‍ വൈദിക പട്ടവും സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയില്‍ നിന്ന്‌ 1993ല്‌ കോര്‍ എപ്പിസ്കോപ്പാ സ്ഥാനവും ലഭിക്കുകയുണ്ടായി.

സാമുവല്‍ അച്ചന്‍റെ അമേരിക്കന്‍ ജീവിതം തികച്ചും സംഭവബഹുലമായ ഒരു തേരോട്ടം തന്നെ ആയിരുന്നു. 1985 മുതല്‍ അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ സേവനം ആരംഭിച്ചു. അച്ഛന്‍ മുന്‍കൈയെടുത്ത്‌ പല സംസ്ഥാനങ്ങളിലായി പുതിയ ഇടവകകള്‍ രൂപീകരിക്കുകയും പിന്നീട്‌ അവയെല്ലാം വലിയ ഇടവകകളായി മാറിയെന്നതും പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. ഒരേസമയം തന്നെ ഒന്നില്‍ കൂടുതല്‍ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ടിക്കാന്‍ കഴിഞ്ഞു എന്നത്‌ സമൂഹത്തില്‍ അച്ചന്‍റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനശേഷിയെ വിളിച്ചറിയിക്കുന്നു. ഭദ്രാസന കാണ്‍സില്‍ അംഗം, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം, ഭദ്രാസന പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ എന്നിങ്ങനെ അച്ചന്‍ പ്രവര്‍ത്തിക്കാത്ത മേഖലകളില്ല. അമേരിക്കന്‍ ഭദ്രാസനത്തിന്റെയും പിന്നീട്‌ നോര്‍ത്തീസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുനരൂപീകരണത്തിലും സ്വന്തമായി
ഒരു ഭദ്രാസന ആസ്ഥാനം ഉണ്ടാക്കുന്നതിനും പ്രത്യേകിച്ച്‌ ആദ്യമായി വാങ്ങിയ കോമണ്‍വെല്‍ത്ത്‌ ബൊളിവാര്‍ഡ് കെട്ടിടത്തിനായുള്ള ധനസമാഹരണത്തിനും അച്ചന്‍ വഹിച്ചു പങ്ക്‌ എടുത്തു പറയേണ്ടതാണ്‌.

അവസാനമായി അച്ചന്‍ ന്യൂയോര്‍ക്കിലെ ചെറി ലൈനിലെ സെന്‍റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചിന്റെ വികാരിയായി തന്‍റെ ആത്മീയ ശുശ്രൂഷയും പൊതുപ്രവര്‍ത്തനവും അവസാനിപ്പിച്ചു. ചെറി ലൈന്‍ ഇടവകയുടെ രൂപീകരണം മുതല്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ചയിലും താഴ്ചയിലും എല്ലാം കൂടെ നിന്ന്‌ ധീരമായ നേതൃത്വം നല്‍കി, അതിലെ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയ്ക്കും വഴിയൊരുക്കി എന്നത്‌ ഓരോ ഇടവക അംഗത്തിന്റെയും സാക്ഷ്യം ആണ്‌.

ബഹുമാന്യനായ വന്ദ്യ സാമുവല്‍ കോര്‍പ്പസ്‌ കോപ്പ അച്ചന്‍റെ ജീവിതം, പ്രസ്ഥാനങ്ങളുടെ ഒരു സമാഹാരമായിരുന്നു എന്ന്‌ പറയുന്നതില്‍ തെറ്റില്ല. ഭൗതിക വീക്ഷണത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചന്നോ, സ്ഥാനമാനങ്ങളും, അവാര്‍ഡുകളും, എല്ലാം വാരിക്കൂട്ടി എന്ന്‌ പറയുമ്പോഴും, തന്റെ ശിഷ്ടായുസ്സ്‌ ഒരു വൈദികനായി ജീവിച്ച്‌ ദൈവ സന്നിധിയിലേക്ക്‌ ചേരുവാന്‍ കാണിച്ച അച്ചന്‍റെ ദര്‍ശനവും സമര്‍പ്പണവും ഏറ്റവും അനുകരണീയമാണ്‌. കുടുംബജീവിതത്തിനും ബന്ധങ്ങള്‍ക്കും വളരെയധികം മുന്‍തൂക്കം കൊടുത്തിരുന്നതിനുള്ള ഉദാഹരണമാണ്‌ അച്ചനും തന്‍റെ പ്രിയ പത്നി അമ്മിണി കൊച്ചമ്മയും (ഏലിയാമ്മ
സാമുവല്‍) നയിച്ച മാതൃകാ ജീവിതം. കൊച്ചമ്മയുടെ മരണം വരെയും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും നടന്നുള്ള
അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും കൌതുക കാഴ്ചയായിരുന്നു. 1960ല്‍ ആയിരുന്നു സാമുവല്‍ അച്ചന്‍റെ അമ്മിണി ടീച്ചറുമായുള്ള വിവാഹം. റോജര്‍, റോഷ്നി, റെജി, രജനി എന്നീ നാല്‌ മക്കളാണ്‌ അവര്‍ക്കുള്ളത്‌.

ബഹുമാന്യനായ സാമുവല്‍ അച്ചന്‍റെ ക്രാന്തദര്‍ശിത്വവും, അര്‍പ്പണബോധവും, വെല്ലുവിളികളെ നേരിടാനുള്ള നിര്‍ഭയത്വവും ഏവര്‍ക്കും മാതൃകയായി തീരട്ടെ. അച്ചന്‍റെ ആത്മാവിന്‌ നിതൃശാന്തി നേരുന്നു.

Print Friendly, PDF & Email

Leave a Comment