ഡെൻമാർക്കിലും ജര്‍മ്മനിയിലും ഹമാസ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഭീകരവാദികളെ അറസ്റ്റ് ചെയ്തു

കോപ്പൻഹേഗൻ, ഡെൻമാർക്ക്: യൂറോപ്പിലെ ജൂതന്മാർക്കും ജൂത സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സംശയിക്കുന്ന ഹമാസ് അംഗങ്ങൾ ഉൾപ്പെടെ നിരവധി ഭീകരവാദികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി ഡെന്മാർക്കും ജർമ്മനിയും അറിയിച്ചു.

അറസ്റ്റുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അവ ഏകോപന പ്രവർത്തനങ്ങളുടെ ഫലമാണോ അതോ ഭൂഖണ്ഡത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഓപ്പറേഷൻ ആണോ എന്നും വ്യക്തമല്ല.

ഡെന്മാർക്കിലുടനീളം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും നാലാമത്തെ ആളെ നെതർലാൻഡിൽ “ഭീകരപ്രവർത്തനം” നടത്താൻ പദ്ധതിയിട്ടുവെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്തതായും ഡാനിഷ് പോലീസ് അധികൃതര്‍ പറഞ്ഞു.

യഹൂദ സ്ഥാപനങ്ങളിൽ പോലീസ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഡെന്മാർക്കിലെ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവീസിന്റെ ഓപ്പറേറ്റീവ് ഹെഡ് ഫ്ലെമിംഗ് ഡ്രെജർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതൊരു ഗുരുതരമായ സാഹചര്യമാണെന്ന് ഡ്രെജർ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഞങ്ങളുടെ വിദേശ പങ്കാളികളുമായി സഹകരിച്ചാണ്” അറസ്റ്റുകൾ നടന്നതെന്നും അറസ്റ്റിലായവർ “ഒരു ശൃംഖലയുടെ” ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കസ്റ്റഡിയിലായവരെ 24 മണിക്കൂറിനുള്ളിൽ കോടതിയില്‍ ഹാജരാക്കുമെന്നുള്ളതുകൊണ്ട് കേസിന്റെ വിശദാംശങ്ങളൊന്നും അദ്ദേഹം നല്‍കിയില്ല.

നെതർലൻഡ്‌സിൽ, ജർമ്മൻ അധികൃതരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ റോട്ടർഡാം നഗരത്തിൽ 57 കാരനായ ഡച്ചുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് ജെസ്സി ബ്രോബെൽ പറഞ്ഞു. ചൊവ്വാഴ്ച, ഡച്ച് തീവ്രവാദ വിരുദ്ധ ഏജൻസി രാജ്യത്തിന്റെ ഭീഷണി മുന്നറിയിപ്പ് അതിന്റെ രണ്ടാമത്തെ ഉയർന്ന തലത്തിലേക്ക് ഉയർത്തി.

ജർമ്മനിയിൽ, യൂറോപ്പിലെ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഫലസ്തീൻ തീവ്രവാദി ഹമാസ് ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

രണ്ടു പേരെ ബെർലിനിലും ഒരാളെ ഡച്ച് നഗരമായ റോട്ടർഡാമിലും അറസ്റ്റ് ചെയ്തു. നാലാമത്തെയാളെ ബെർലിനിൽ താൽക്കാലികമായി തടങ്കലിലാക്കിയതായി ജർമ്മന്‍ ഫെഡറൽ പ്രോസിക്യൂട്ടർ പറഞ്ഞു. ജർമ്മൻ സ്വകാര്യതാ നിയമങ്ങൾക്ക് അനുസൃതമായി, അറസ്റ്റു ചെയ്തവരെ അവരുടെ ആദ്യ പേരുകളും അവസാന പേരിന്റെ ആദ്യ ഇനീഷ്യലും ഉപയോഗിച്ച് മാത്രമേ അധികാരികൾ തിരിച്ചറിഞ്ഞിട്ടുള്ളൂ.

ലബനനിൽ ജനിച്ച അബ്ദുൽഹമിദ് അൽ എ., ഈജിപ്ഷ്യൻ പൗരനായ മുഹമ്മദ് ബി., ലെബനനിൽ ജനിച്ച ഡച്ച് പൗരനായ നാസിഹ് ആർ, ഇബ്രാഹിം എൽ-ആർ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

ഇവരിൽ മൂന്ന് പേർ ഹമാസിന്റെ ദീർഘകാല അംഗങ്ങളാണെന്നും വിദേശത്ത് ഹമാസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും അധികൃതർ ആരോപിച്ചു. യുഎസും യൂറോപ്യൻ യൂണിയനും ഒരു ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിന്റെ സൈനിക ബ്രാഞ്ചിന്റെ നേതൃത്വവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അവർ പറഞ്ഞു.

ജർമ്മൻ നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ അറസ്റ്റുകൾക്ക് അധികാരികളോട് നന്ദി പറഞ്ഞു. ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം ജൂതന്മാർക്കും ജൂത സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അടുത്ത ആഴ്ചകളിൽ രാജ്യത്ത് വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന് വേണ്ടി പ്രവർത്തിക്കുന്ന ഏഴ് പ്രവർത്തകരെ ഡെന്മാർക്ക് അറസ്റ്റ് ചെയ്തതായും, യൂറോപ്യൻ മണ്ണിൽ നിരപരാധികളായ പൗരന്മാരെ കൊല്ലാൻ ലക്ഷ്യമിട്ടുള്ള ആക്രമണം പരാജയപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹമാസിന്റെ ലക്ഷ്യങ്ങള്‍ തടയാനും അതിന്റെ കഴിവുകൾ ഇല്ലാതാക്കാനും ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News