ഗവർണറെ സഖാവാക്കാന്‍ ആരും ശ്രമിക്കേണ്ട; എസ്എഫ്‌ഐയുടെ ഗവർണർ വിരുദ്ധ ബാനറുകൾക്കെതിരെ പാലക്കാട് വിക്ടോറിയ കോളേജ് എബിവിപി യൂണിറ്റ്

പാലക്കാട്: ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തിയ ബാനർ പ്രചാരണത്തിന് ശക്തമായ മറുപടിയുമായി പാലക്കാട് വിക്ടോറിയ കോളജിലെ എബിവിപി യൂണിറ്റ് രംഗത്തെത്തി. ഗവർണർ ഒരു സഖാവല്ലെന്നും, അദ്ദേഹം ചാൻസലറാണെന്നും, കേരളത്തിലെ കാമ്പസുകൾ എസ്‌എഫ്‌ഐയുടെ കുടുംബ സ്വത്തല്ലെന്നും വിളംബരം ചെയ്യുന്ന ബാനറാണ് എബിവിപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയത്.

എസ്‌എഫ്‌ഐയുടെ മറവിൽ കാമ്പസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നതിനെ അപലപിച്ച് പ്രതീകാത്മക പ്രതിഷേധത്തിൽ എബിവിപി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഗവർണറുടെ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ, എസ്എഫ്‌ഐയെ പിന്തുണയ്ക്കുകയാണെന്ന് എബിവിപി വിമർശിച്ചു. പ്രതിഷേധ പ്രകടനം എബിവിപി ജില്ലാ സെക്രട്ടറി ടി കെ കൈലാസ് ഉദ്ഘാടനം ചെയ്തു.

നേരത്തെ, തിരുവന്തപുരത്തെ സംസ്‌കൃത സർവകലാശാല, ശ്രീ വിവേകാനന്ദ കോളജ്, പന്തളം എൻഎസ്എസ് കോളജ് തുടങ്ങി വിവിധ കാമ്പസുകളിൽ എബിവിപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഗവര്‍ണ്ണറെ പിന്തുണച്ചും എസ്‌എഫ്‌ഐയെ വിമർശിച്ചും ബാനറുകൾ പ്രതിഷേധത്തിനിടെ പ്രദർശിപ്പിച്ചിരുന്നു.

സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരം കാമ്പസിൽ എബിവിപി സ്ഥാപിച്ച ബാനറിൽ ‘ഉന്നാൽ മുടിയവേ മുടിയത് തമ്പി’ (അത് ഒരിക്കലും നിനക്കു സാധിക്കില്ല സഹോദരാ) എന്നായിരുന്നു. വിവേകാനന്ദ കോളജിൽ ‘കേരള കാമ്പസുകൾ എസ്എഫ്ഐയുടെ കുടുംബ സ്വത്തല്ല’ എന്ന ബാനറും, പന്തളം കാമ്പസിൽ ‘ഗവർണർ ചാൻസലറാണ് സഖാവല്ല’ എന്നെഴുതിയ ബാനറും എബിവിപി സ്ഥാപിച്ചു. ഇവ കൂടാതെ ഗവർണറെ പിന്തുണച്ച് കേരളത്തിലെ പല ക്യാമ്പസുകളിലും എബിവിപി ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News