ഖത്മുൽ ബുഖാരിയും സനദ്‌ ദാനവും ഫെബ്രുവരി 3 ന്

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2024 ഫെബ്രുവരി 3 ന് നടത്താൻ ഇന്നലെ(ബുധൻ) ചേർന്ന മർകസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അഞ്ച് പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. ആഗോള കീർത്തിനേടിയ ഈ ദർസിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്താറുണ്ട്. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 479 സഖാഫി പണ്ഡിതർക്കുള്ള സനദ്‌ദാനവും സഖാഫി സംഗമവും അഹ്ദലിയ്യ ആത്മീയ വേദിയും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും.

മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാളിൽ സ്ഥാപിച്ച ത്വയ്ബ ഗാർഡൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പത്താം വാർഷികം മാർച്ച് 1,2,3 തിയ്യതികളിൽ നടത്താനും യോഗം തീരുമാനിച്ചു. കർമ രംഗത്ത് ആറു പതിറ്റാണ്ട് പൂർത്തിയാക്കിയ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ജനുവരി 19 ന് കൊയിലാണ്ടിയിൽ നൽകുന്ന ആദരം പരിപാടി വിജയിപ്പിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തു.

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ക്ലാരി ബാവ മുസ്‌ലിയാർ, മർകസിന്റെയും സംഘടനയുടെയും സഹകാരികളായ മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, സ്റ്റാർ ബാപ്പുഹാജി പെരിന്തൽമണ്ണ, സമസ്ത ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം സി അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ഭാര്യ ചാലിൽ നഫീസ ഹജ്ജുമ്മ, ദീർഘകാലം മർകസ് ജീവനക്കാരനായിരുന്ന ബീരാൻ തലയാട് എന്നിവരെ യോഗം അനുസ്മരിച്ചു പ്രാർത്ഥിച്ചു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി കുറ്റിച്ചിറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, മുഹമ്മദ് കോയ സഖാഫി ഐക്കരപ്പടി, സി.പി ഉബൈദുല്ല സഖാഫി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, പി മുഹമ്മദ് യൂസുഫ്, മൊയ്തീൻകോയ ഹാജി, മജീദ് കക്കാട്, എം ഉസ്മാൻ മുസ്‌ലിയാർ യോഗത്തിൽ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News