സൗദി അറബ്യയില്‍ ബാങ്കുവിളിയെ വിമര്‍ശിച്ച സജി ചെറിയാന്‍ നിമിഷം നേരം കൊണ്ട് തിരുത്തി; ബിഷപ്പുമാരെ അവഹേളിച്ചത് തിരുത്താന്‍ തയ്യാറല്ല; പ്രതിഷേധം ശക്തമാകുന്നു

കൊച്ചി; സൗദി അറേബ്യയിലെ ബാങ്ക് വിളി സംബന്ധിച്ച തന്റെ പരാമർശം മണിക്കൂറുകൾക്കകം തിരുത്തിയ മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ പുരോഹിതരെയും മതമേലധ്യക്ഷന്മാരെയും അധിക്ഷേപിച്ചെന്ന വിമർശനം ഉയർന്നെങ്കിലും തിരുത്താന്‍ തയ്യാറാകാത്തതിന് പ്രതിഷേധം ശക്തമാകുകയാണ്. കെസിബിസി ഉൾപ്പെടെ മന്ത്രിക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടും സജി ചെറിയാൻ ക്ഷമാപണം നടത്താനോ തിരുത്താനോ തയ്യാറായില്ല.

സൗദിയിലെ ബാങ്ക് വിളി സംബന്ധിച്ച് സജി ചെറിയാന്റെ വിവാദ പ്രസ്താവന കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. “സൗദി അറേബ്യയിൽ പോയപ്പോൾ വിചാരിച്ചത് അവിടെ തീവ്രവാദികൾ ഉണ്ടാകുമെന്നാണ്. അവർ തീവ്ര വിശ്വാസികളാണ്. പക്ഷെ എവിടെ പോയാലും ബാങ്ക് വിളി കേട്ടില്ല. കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്തുകേട്ടാല്‍ വിവരമറിയുമെന്നാണ് പറഞ്ഞത്. അവരുടെ വിശ്വാസങ്ങളിൽ ബാങ്കു വിളിക്കാനുള്ള അവകാശം അവർക്കുണ്ട്. പക്ഷെ പൊതുസമൂഹത്തിൽ അതൊരു ശല്യമാണ്. അത് പാടില്ല, അതാണ് നിയമം,” ഇതായിരുന്നു സജി ചെറിയാന്റെ അന്നത്തെ പരാമര്‍ശം.

എന്നാൽ മുസ്ലീം സമുദായം പ്രതിഷേധിച്ചതോടെ സജി ചെറിയാൻ അടുത്ത ദിവസം തന്നെ തന്റെ പ്രസ്താവന തിരുത്താൻ നിർബന്ധിതനായി. മുസ്ലീം പ്രീണനത്തിനായി മത്സരിക്കുന്ന പാർട്ടിക്കുള്ളിൽ നിന്നുള്ള സമ്മർദ്ദവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമർശമെന്നും മതസൗഹാർദത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് സൗദിയിൽ കാണാനായതെന്നും സജി ചെറിയാൻ പറഞ്ഞു.

പ്രധാനമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർ അടക്കമുളളവരെയാണ് സജി ചെറിയാൻ പൊതുവേദിയിൽ അവഹേളിച്ചത്. വിരുന്നിൽ കേക്കിന്റെ പീസും മുന്തിരി ഇട്ടു വാറ്റിയ സാധനവും കഴിച്ച് മടങ്ങുകയായിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. ബിജെപി നേതാക്കൻമാർ വിളിച്ചാൽ ചില ബിഷപ്പുമാർക്കൊക്കെ പ്രത്യേക രോമാഞ്ചമാണെന്നും രോമാഞ്ചം കൂടിയാണ് ചിലർ ഡൽഹിക്ക് പോയതെന്നും സജി ചെറിയാൻ പറഞ്ഞു. സംഭവത്തിൽ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സജി ചെറിയാന്റെ വാക്കുകൾ അപക്വവും തരംതാഴ്ന്നതുമാണെന്ന് കെസിബിസി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പ്രസ്താവനയിൽ തുറന്നുപറഞ്ഞിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ക്ഷണത്തെ ക്രൈസ്തവ നേതൃത്വം സ്വീകരിക്കുന്നത് രാജ്യത്തോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ഭാഗംകൂടിയാണ്. അതിനെ തരംതാണ രാഷ്ട്രീയ കണ്ണുകളോടെ വീക്ഷിക്കുകയും, അപക്വമായ പരാമർശങ്ങൾ നടത്തുകയും, അവഹേളനത്തിനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് അപലപനീയമാണണെന്ന് ആയിരുന്നു കെസിബിസിയുടെ പ്രതികരണം.

എന്നാൽ, വിശ്വാസികളും സഭാ മേലധ്യക്ഷന്മാരും പ്രതിഷേധിച്ചിട്ടും തന്റെ പ്രസ്താവന തിരുത്താനോ തന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയാനോ സജി ചെറിയാൻ തയ്യാറായിട്ടില്ല. ക്രിസ്ത്യൻ സമുദായത്തോടുള്ള സിപിഎമ്മിന്റെ ചിറ്റമ്മ നയത്തിന്റെ തെളിവാണ് ഇതെന്നും വിമർശനം ഉയരുന്നുണ്ട്. അടുത്തിടെ സഭയിലെ സന്യാസ സമൂഹത്തെ അപമാനിക്കുന്ന ‘കക്കുകളി’ നാടകത്തിന് അനുമതി നൽകിയതുൾപ്പെടെ ഇടതുസർക്കാരിനെതിരെ പരസ്യമായി ക്രിസ്ത്യൻ സഭകൾ രംഗത്തെത്തിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News