പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി; തേക്കിൻകാട് മൈതാനി ജനസാഗരമായി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെത്തി. കൂറ്റൻ റോഡ്‌ഷോയുടെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി നായ്ക്കനാലിലെ സ്ത്രീ ശക്തി സംഗമം വേദിയിലെത്തിയത്. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് വടക്കുംനാഥൻ ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയും റോഡ് ഷോ വാഹനത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഏകദേശം 200,000 സ്ത്രീകളടങ്ങിയ ഒരു വലിയ ജനക്കൂട്ടമാണ് തേക്കിൻകാട് മൈതാനിയിൽ പ്രധാനമന്ത്രിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നത്. തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ്ഷോയിൽ റോഡിനിരുവശവും അണിനിരന്ന കുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. തേക്കിൻകാട് മൈതാനത്തെ അന്തരീക്ഷം ജനസാഗരത്തിന് സമാനമായിരുന്നു.

അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ തൃശ്ശൂരിലെ കുട്ടനല്ലൂരിലെത്തി. തൃശൂർ കലക്ടർ വി ആർ കൃഷ്ണ തേജ അദ്ദേഹത്തെ സ്വീകരിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒന്നര കിലോമീറ്റർ ദൂരം താണ്ടി തേക്കിൻകാട് മൈതാനിയിൽ സമ്മേളന വേദിയിൽ സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News