സാൻ ഫ്രാൻസസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയം കൂദാശ ചെയ്തു

ഫ്രാൻസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകാംഗങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമായിരുന്ന വലിയ ഒരു ദേവാലയം, ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ , ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് എന്നീ ബിഷപ്പുമാരുടെയും, ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, മുൻ ഇടവക വികാരിമാരായ ഫാദർ കുരിയൻ നെടുവേലിചാലുങ്കൽ, ഫാദർ ജോർജ് ദാനവേലിൽ, ഫാദർ രാജീവ് വലിയവീട്ടിൽ തുടങ്ങിയ പത്തോളം വൈദികരുടെയും സാന്നിധ്യത്തില്‍ കൂദാശ ചെയ്തു. ഇടവകാംഗങ്ങളും സുഹൃത്തുക്കളും അടങ്ങിയ വൻജനാവലി ചടങ്ങുകൾക്ക് സാക്ഷ്യം നൽകി.

ഇടവകാംഗങ്ങളുടെ ദീർഘകാലത്തെ പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും പൂര്‍ത്തീരണമായി ലഭിച്ച പുതിയ ദേവാലയം , ഇടവക ജനങ്ങൾക്കുള്ള ക്രിസ്മസ് സമ്മാനമാണെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് തന്റെ വചന സന്ദേശത്തിൽ പ്രതിപാദിച്ചു. ഇതിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച് ഇടവക വികാരി ഫാ. ലിഗോരി കട്ടികാരൻ, കൈക്കാരന്മാരായ ടോണി അമ്പലത്തിങ്ങൽ , തങ്കച്ചൻ മാത്യു , സുജിത് ജോസഫ്, അനിൽ അരഞ്ഞാണി എന്നിവരോടൊപ്പം പാരിഷ് കൗൺസിൽ അംഗങ്ങൾ , ബിൽഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കും പ്രത്യേക അഭിനന്ദനങ്ങളും പിതാവ് തന്റെ സന്ദേശത്തിൽ അറിയിച്ചു.

കുദാശാ കർമ്മങ്ങൾക്ക് ശേഷം ചേർന്ന പൊതു സമ്മേളനത്തിൽ, ഫ്രീമൗണ്ട് സിറ്റി മേയർ ലില്ലി മെയ് , വൈസ് മേയർ രാജ് സെൽവൻ, പ്ലാനിംഗ് കമ്മീഷൻ ബെൻ ലീ തുടങ്ങിയ സിറ്റി ഒഫീഷ്യൽസ്, ആശംസകൾ അറിയിച്ചു. സെൻറ്‌ തോമസ് സിറോ മലബാർ കമ്മ്യൂണിറ്റിയെ വളരെ സ്നേഹത്തോടും ആദരവോടും കൂടെ ഫ്രീമോണ്ട് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി, ഫ്രീമോണ്ട് സിറ്റി കോൺസിലിന്റെ പ്രശംസ പത്രം കൈമാറിക്കൊണ്ട് മേയർ ലീ പ്രതിപാദിച്ചു. കുദാശായിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

മുൻ കൈക്കാരന്മാരായ സജി കുരിശും‌മൂട്ടില്‍, ലെബോൺ കല്ലറയ്ക്കൽ, പ്രവീൺ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ പള്ളി കണ്ടെത്തുവാനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. മുൻ കൈക്കാരനായ ജോൺ കണിയാംപറമ്പിലിന്റെ നേതൃത്യത്തിലുള്ള ഒരു വലിയ ടീം മനോഹരമായ അൾത്താര നിർമ്മിക്കുന്നതിലും ഏറ്റവും ഭംഗിയായി പള്ളി അങ്കണം ഒരുക്കുന്നതിലും പ്രവർത്തിച്ചു. ജീൻ ജോർജിന്റെ നേതൃത്വത്തിലുള്ള വൊളന്റീയര്‍മാര്‍ ആഴ്ചകളോളം നടത്തിയ കഠിനാദ്ധ്വാനമാണ് എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയത്തിൽ ഒരുക്കുവാൻ സാധിച്ചത്.

2001-ല്‍ ഫാ. ജിമ്മി തൊട്ടപള്ളിയാണ് സാൻ ഫ്രാൻസിസ്കോ സെൻറ്‌ തോമസ് മിഷന് തുടക്കം കുറിച്ചത്. തുടർന്ന് 2007-ല്‍ ഫാ. കുരിയൻ നെടുവേലിചാലുങ്കൽ വികാരിയായി. ആദ്യ ദേവാലയം മിൽപിറ്റസ്സിൽ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് കൂദാശാ ചെയ്തതോടെ സാൻ ഫ്രാൻസിസ്കോ സെൻറ്‌ തോമസ് ഇടവകയായി ഉയർത്തപ്പെട്ടു. ഇപ്പോൾ കൂടുതൽ സ്ഥലസൗകര്യങ്ങൾ ഉള്ള പുതിയ ദേവാലയം ലഭിച്ച സന്തോഷത്തിലാണ് ഇടവകാംഗങ്ങൾ.

പ്രവാസി ചാനലിന് വേണ്ടി കാലിഫോർണിയ റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയാറാക്കിയ റിപ്പോർട്ട്.

Print Friendly, PDF & Email

Leave a Comment

More News